ഇസ്ലാമാബാദ്: ആസിഫ് അലി സർദാരി പാകിസ്താന്റെ 14ാമത് പ്രസിഡന്റ്. രണ്ടാം തവണയാണ് രാജ്യത്ത് സർദാരി ഈ പദവി അലങ്കരിക്കുന്നത്. രാജ്യത്ത് ഭരണം കൈയാളുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി, പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് എന്നിവയുടെ സ്ഥാനാർഥിയായിരുന്നു. സർദാരി 255 വോട്ടുമായി ബഹുദൂരം മുന്നിൽ നിന്നപ്പോൾ എതിരെ മത്സരിച്ച സുന്നി ഇത്തിഹാദ് കൗൺസിൽ സ്ഥാനാർഥി മഹ്മൂദ് ഖാൻ അശക്സായി 119 വോട്ട് നേടി.
ദേശീയ അസംബ്ലിയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ ഇലക്ടറൽ കോളജാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. സിന്ധ്, പഞ്ചാബ് പ്രവിശ്യകളിൽ സർദാരി തൂത്തുവാരിയപ്പോൾ ഖൈബർ പഖ്തൂൺഖ്വയിൽ അശക്സായി മുന്നിലെത്തി.
വധിക്കപ്പെട്ട മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ ഭർത്താവാണ് വ്യവസായികൂടിയായ ആസിഫ് അലി സർദാരി. 2008 മുതൽ 2013 വരെ പ്രസിഡന്റായിരുന്നു. രാജ്യത്ത് രണ്ടാം തവണ പ്രസിഡന്റാകുന്ന ആദ്യ വ്യക്തി കൂടിയാണ് സർദാരി. ഭരണകക്ഷികൾ തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിൽ പാകിസ്താൻ മുസ്ലിം ലീഗ് നവാസ് പ്രതിനിധി ശഹ്ബാസ് ശരീഫ് നേരത്തേ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രധാനപ്പെട്ട രണ്ടാം കക്ഷിയായ പാകിസ്താൻ പീപ്ൾസ് പാർട്ടി പ്രതിനിധിയെന്ന നിലക്ക് സർദാരി പ്രസിഡന്റ് പദത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.