കുറ്റപത്രമില്ലാതെ തടവ് 12ാം തവണ; ഇസ്രായേലി ജയിലിൽ നിരാഹാരം കിടന്ന ഫലസ്തീനി തടവുകാരൻ മരിച്ചു

രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനിടെ പലവട്ടം ജയിലിലടക്കപ്പെട്ട ഫലസ്തീനി തടവുകാരൻ ഖാദർ അദ്നാൻ ഇസ്രായേൽ പീഡനത്തിനെതിരായ നിരാഹാര സമരത്തിനിടെ മരിച്ചു. സമരം 87ാം ദിവസത്തിലെത്തിനിൽക്കെയാണ് മരണം. ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ് സംഘടനയുടെ സജീവ അംഗമായിരുന്നു. വെസ്റ്റ് ബാങ്കിൽ സംഘടനയുടെ വക്താവായി പ്രവർത്തിച്ച അദ്നാൻ 1999ലാണ് ആദ്യമായി ഇസ്രായേൽ തടവിലാകുന്നത്. പിന്നെയും പലവട്ടം ജയിലിലായി. അഞ്ചോളം തവണ ഇതിനെതിരെ നിരാഹാര സമരം നടത്തിയിട്ടുണ്ട്.

ഗസ്സയിൽ ഹമാസ് കഴിഞ്ഞാൽ ജനപിന്തുണയുള്ള സംഘടനയാണ് ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ്. പലവട്ടം പിടിയിലായപ്പോഴൊക്കെയും കുറ്റപത്രം നൽകാതെയാണ് തടവിലിട്ടിരുന്നത്. ഇതിനെതിരെയായിരുന്നു നിരാഹാര സമരങ്ങൾ. 2012ൽ ഇദ്ദേഹത്തിന്റെ പട്ടിണി സമരം ലോകശ്രദ്ധ നേടി. ഒരു ഫലസ്തീനി നടത്തുന്ന ഏറ്റവും ദീർഘമായ നിരാഹാര സമരമെന്ന നിലക്കായിരുന്നു ആഗോള മാധ്യമങ്ങൾ ഏറ്റെടുത്തത്. 66 ദിവസത്തിനു ശേഷം ഇസ്രായേൽ അധികൃതരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം മോചിതനായി. മൊത്തം 12 തവണ അദ്നാനെ ഇസ്രായേൽ തടവിലിട്ടിട്ടുണ്ട്. 2023 ഫെബ്രുവരി അഞ്ചിനാണ് അവസാനമായി അറസ്റ്റിലാകുന്നത്. ഇത്തവണ നിരോധിത സംഘടനകളുമായി ബന്ധം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ, കുറ്റപത്രം സമർപിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് 87 ദിവസമാണ് അദ്ദേഹം പട്ടിണി കിടന്നത്. ചൊവ്വാഴ്ച സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സമരം 80 ദിവസം പിന്നിട്ടതോടെ കുടുംബം കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. അടുത്തിടെ ആശുപത്രിയിൽ അദ്ദേഹത്തെ സ​ന്ദർശിച്ച മെഡിക്കൽ സംഘം അദ്നാനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇസ്രാ​യേൽ ജയിൽ വിഭാഗം മെഡിക്കൽ പരിശോധന പോലും നിഷേധിക്കുകയായിരുന്നുവെന്ന് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

മരണത്തിൽ പ്രതിഷേധിച്ച് ഫലസ്തീനിൽ വ്യാപകമായി ജനം തെരുവിലിറങ്ങി. 

Tags:    
News Summary - Palestinian Khader Adnan dies in Israel jail after 86 days on hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.