ജറൂസലം: നാലു ദിവസമായി തുടരുന്ന സംഘർഷത്തിനിടെ ആദ്യമായി ഗസ്സയിൽനിന്നുള്ള റോക്കറ്റ് ജറൂസലമിനു സമീപം പതിച്ചു. ജറൂസലമിൽനിന്ന് 16 കി.മീറ്റർ തെക്ക് അധിനിവേശ വെസ്റ്റ് ബാങ്കിലെ ബാത് അയ്ൻ എന്ന ജൂത പാർപ്പിട മേഖലക്ക് സമീപമാണ് റോക്കറ്റ് പതിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരിച്ചടിയെന്നോണം ഗസ്സയിലെ റോക്കറ്റ് കേന്ദ്രം ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ ഈജിപ്ത് ഊർജിതമാക്കിയിരിക്കെയാണ് പുതിയ ആക്രമണം.
ചൊവ്വാഴ്ച ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 31 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ പകുതിയും സാധാരണ ജനങ്ങളാണ്. ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ ഒരാളും കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.
ജറൂസലമിലേക്കുള്ള റോക്കറ്റ് വർഷം ഒരു സന്ദേശമാണെന്ന് ഫലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ് പറഞ്ഞു. എല്ലാവരും ഇതിെന്റ ലക്ഷ്യം മനസ്സിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2021 മേയിൽ നടന്ന 10 ദിവസത്തെ സംഘർഷത്തിനുശേഷം ആദ്യമായാണ് ഗസ്സയിൽനിന്നുള്ള റോക്കറ്റ് ജറൂസലമിനു സമീപം എത്തുന്നത്.
വെള്ളിയാഴ്ച പുലർച്ചയും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഗസ്സയിൽ ആക്രമണം നടത്തി. ഇസ്രായേലിൽ റോക്കറ്റ് പതിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സൈന്യം മാറ്റുന്നതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈനിക, ഇന്റലിജൻസ് മേധാവികളുമായി ചർച്ച നടത്തി. ഇതുവരെ ഇസ്‍ലാമിക് ജിഹാദിെന്റ അഞ്ച് മുതിർന്ന നേതാക്കളെ വധിച്ചതായി ഇസ്രായേൽ പറഞ്ഞു.
ഇൗജിപ്ത്, ഖത്തർ, യു.എൻ എന്നിവയാണ് സമാധാനശ്രമങ്ങളുമായി രംഗത്തുള്ളത്. ഹമാസുമായും ഇസ്‍ലാമിക് ജിഹാദുമായും നിരന്തരം ബന്ധപ്പെട്ട് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഈജിപ്ത് സജീവമാക്കിയതായി ഹമാസ് നേതാക്കൾ പറഞ്ഞു. അതേസമയം, സമാധാന ചർച്ചകളോട് സമ്മിശ്ര പ്രതികരണമാണ് ഇസ്‍ലാമിക് ജിഹാദ് നടത്തിയിട്ടുള്ളത്. തങ്ങൾക്ക് എന്തെങ്കിലും ഉറപ്പുകൾ നൽകാൻ മധ്യസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുതിർന്ന നേതാവായ ഇഹ്സാൻ അത്തായ പറഞ്ഞു. നേതാക്കളെ ഉന്നമിട്ട് വധിക്കുന്ന നയം ഇസ്രായേൽ അവസാനിപ്പിക്കണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.