അമീർ അബ്ദുൽ റഹിം സ്നോബർ

ഇസ്രായേൽ സൈനികർ തോക്ക് കൊണ്ട് അടിച്ച ഫലസ്തീൻ യുവാവ് മരിച്ചു

റാമല്ല: ഇസ്രായേൽ സൈനികരുടെ ക്രൂര മർദനത്തെ തുടർന്ന് കഴുത്തിന് ഗുരുതര പരിക്കേറ്റ ഫലസ്തീൻ യുവാവ് മരിച്ചു. തെക്കൻ വെസ്റ്റ്ബാങ്ക് പട്ടണമായ നബ്ലസിലെ യാത്മ ഗ്രാമവാസി സ്നോബറാണ് മരിച്ചത്.ഫലസ്തീൻ പൗരന്‍റെ മരണത്തിന് കാരണം ക്രൂര മർദനമാണെന്ന് ഫലസ്തീൻ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ അഹമ്മദ് അൽ ബിതാവി സ്ഥിരീകരിച്ചു.

സൈനികരുടെ അടിയേറ്റതിനെ തുടർന്നുണ്ടായ പരിക്കിന്‍റെ പാടുകൾ യുവാവിന്‍റെ കഴുത്തിൽ ഉണ്ടായിരുന്നു. റൈഫിൾ കൊണ്ട് കുത്തിയതിന്‍റെ പരിക്കുകളും കണ്ടെത്തിയതായി അൽ ബിതാവി പറഞ്ഞു.

ഒക്ടബോർ 25ന് റാമല്ലയിലെ വടക്ക് കിഴക്ക് തർമസ്-അയ്യ പട്ടണത്തിന് സമീപത്തു വെച്ചാണ് അമീർ അബ്ദുൽ റഹിം സ്നോബർ എന്ന 18കാരൻ ഇസ്രായേൽ സൈനികരുടെ ക്രൂര മർദനത്തിന് ഇരയായത്. ഗ്രാമത്തിലേക്ക് കടന്നുകയറിയ സൈനികർ സ്നോബറിന്‍റെ കഴുത്തിന് പിന്നിൽ റൈഫിൾ കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കഴുത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് സ്‌നോബറെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തെ ഫലസ്തീൻ വിമോചന മുന്നണി (പി.എൽ.ഒ) ശക്തമായി അപലപിച്ചു. നിരായുധനായ ചെറുപ്പക്കാരന് നേരെ ഇസ്രായേൽ സൈനികർ നടത്തിയത് ക്രൂര കൃത്യമാണെന്ന് പി.എൽ.ഒ ചൂണ്ടിക്കാട്ടി. സ്നോബറിനെ ഇസ്രായേൽ സൈന്യം ആക്രമിച്ചതായി മുതിർന്ന പി.‌എൽ‌.ഒ ഉദ്യോഗസ്ഥൻ ഹനാൻ അശ്റവിയും പറഞ്ഞു.  

ഇസ്രായേൽ സൈനികരുടെ ക്രൂരകൃത്യം ഫലസ്തീനിലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.