ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ട് -പെന്റഗൺ മേധാവി

വാഷിങ്ടൺ: ഗസ്സയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ദിവസേനയുള്ള ചർച്ചകളിൽ താൻ ഊന്നിപ്പറയാറുണ്ടെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും പെന്റഗൺ മേധാവിയുമായ ലോയ്ഡ് ഓസ്റ്റിൻ. വെടിനിർത്തൽ കരാർ അവസാനിച്ചതിനുപിന്നാലെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

അതേസമയം, ഗസ്സയിൽ കൊല്ലപ്പെട്ട 15000 പേരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 6000ലേറെ കുട്ടികൾ മാത്രം ​കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ. ഈ യാഥാർഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ നിരന്തരം ആവശ്യ​പ്പെടാറു​ണ്ടെന്ന് പെന്റഗൺ അവകാശപ്പെടുന്നത്.

‘വെടിനിർത്തൽ പുനഃസ്ഥാപിക്കാൻ ഇസ്രായേൽ, ഈജിപ്ത്, ഖത്തർ എന്നിവരുമായി ചേർന്ന് ഞങ്ങൾ തുടർന്നും ശ്രമം നടത്തുന്നുണ്ട്. വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഹമാസാണ് ഉത്തരവാദി’ -ലോയ്ഡ് ഓസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, വെടിനിർത്തൽ നീട്ടാനുള്ള എല്ലാ ശ്രമങ്ങളെയും ഇസ്രായേൽ തുരങ്കം വെക്കുന്നതായി ഹമാസിന്റെ മുതിർന്ന നേതാവ് ഉസാമ ഹംദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘താൽക്കാലിക വെടിനിർത്തൽ നീട്ടാൻ മധ്യസ്ഥർ നിർദേശിച്ച എല്ലാ വ്യവസ്ഥകളും ഞങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ നിരസിച്ചു. താത്കാലിക വെടിനിർത്തൽ നടപ്പാക്കിയ ഏഴ് ദിവസവും മുഴുവൻ സന്ധി സാധ്യതകളെയും ഇല്ലാതാക്കുന്ന തരത്തിലാണ് ഇസ്രായേൽ പ്രവർത്തിച്ചത്” -ഹംദാൻ അൽ ജസീറയോട് പറഞ്ഞു.

ഗസ്സയിൽ അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ‘ഫലസ്തീൻ ജനതക്കെതി​രെ തുടക്കം മുതൽ അമേരിക്ക നയിച്ച യുദ്ധമായിരുന്നു ഇത്. അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചത്. ഗസ്സ ആക്രമണത്തിൽ അമേരിക്ക ഒരു പങ്കാളി മാത്രമല്ല, ആസൂത്രകൻ കൂടിയാണെന്നാണ് സംഭവങ്ങളുടെ ഗതിയും അമേരിക്കൻ നിലപാടുകളും സൂചിപ്പിക്കുന്നത്” -ഹിസ്ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ അലി ദാമുഷ് പറഞ്ഞു.

അമേരിക്കൻ ഗസർക്കാറിന്റെ തുടർച്ചയായ പിന്തുണയിലാണ് ഇസ്രായേൽ ഗസ്സയിൽ വീണ്ടും കൂട്ടക്കൊല തുടങ്ങിയ​തെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനിയും പറഞ്ഞു. ഗസ്സയിൽ വ്യോമാക്രമണവും കൂട്ടക്കൊലയും പുനരാരംഭിച്ചതിന്റെ രാഷ്ട്രീയവും നിയമപരവുമായ ഉത്തരവാദിത്തം ഇസ്രായേലിനും യു.എസിനുമാ​ണെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Tags:    
News Summary - Pentagon chief Lloyd Austin says US pushing Israel to ‘protect civilians’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.