കാലിഫോര്‍ണിയ: റോഡിൽ കറൻസി നോട്ടുകൾ ചിതറിവീഴുന്നതുകണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് സമയം ഒട്ടു കളയാതെ വാരിക്കൂട്ടാൻ തുടങ്ങി ജനം. പലരും വാഹനം നിർത്തി ഇറങ്ങി നോട്ടുകൾ ശേഖരിച്ചു. മറ്റുപലരും നോട്ടുകൾ വാരിയെടുത്ത് മുകളിലേക്കെറിഞ്ഞ് കളിക്കാൻ തുടങ്ങി. തെക്കൻ കാലിഫോർണിയയിലെ കാൾസ്ബാഡിലാണ് സംഭവം.
ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കിൽനിന്നാണ് നോട്ടുകൾ നിറച്ച ബാഗുകൾ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയിൽനിന്ന് കറൻസി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
ട്രക്ക് സഞ്ചരിക്കുന്നതിനിടെ വാതിൽ അപ്രതീക്ഷിതമായി തുറന്ന് നോട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗുകൾ റോഡിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ നോട്ടുകൾ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
എല്ലാവരും വാഹനം നിർത്തുകയും നോട്ടുകൾ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തവർ പറഞ്ഞു. ഇതേത്തുടർന്ന് ഫ്രീവേയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേർ കറൻസി നോട്ടുകൾ തിരികെ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.