തായ്പേയ്: ദക്ഷിണ ചൈന കടലിൽ തർക്ക പ്രദേശത്ത് ചൈനീസ്-ഫിലിപ്പൈനി കപ്പലുകൾ കൂട്ടിയിടിച്ചു. ഫിലിപ്പീൻസിന്റെ കേപ് എങ്കാനോയും ചൈനീസ് തീര സംരക്ഷണ സേനയുടെ കപ്പലും തമ്മിൽ തിങ്കളാഴ്ച പുലർച്ച 3.24നാണ് കൂട്ടിയിടിച്ചത്. 16 മിനിറ്റിനു ശേഷം മറ്റൊരു ഫിലിപ്പൈനി കപ്പലായ ബി.ആർ.പി ബാഗാകെയും ചൈനീസ് കപ്പലുമായി ഉരസി.
ആദ്യത്തെ സംഭവത്തിൽ രണ്ട് കപ്പലുകൾക്കും കേടുപാട് സംഭവിച്ചു. ഇരുപക്ഷവും പരസ്പരം ആരോപണമുന്നയിച്ചു. പ്രകോപനം തുടർന്നാൽ കനത്ത നടപടി നേരിടേണ്ടിവരുമെന്ന് ചൈനീസ് തീര സംരക്ഷണ സേന വ്യക്തമാക്കി.
ചൈനീസ് തീരസംരക്ഷണ കപ്പലുകൾ മനഃപൂർവം മാർഗതടസ്സമുണ്ടാക്കിയതാണെന്ന് ഫിലിപ്പീൻസ് ആരോപിച്ചു. ചൈന പരമാധികാരം അവകാശപ്പെടുന്ന സബീന ഷോൾ പ്രദേശത്ത് മുന്നറിയിപ്പ് അവഗണിച്ച് ഫിലിപ്പൈനി കപ്പൽ പ്രവേശിച്ചപ്പോൾ ചൈനീസ് കപ്പൽ മാർഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. ഈ പ്രദേശത്തിന്റെ അവകാശം സംബന്ധിച്ച് ഇരു രാജ്യങ്ങളും വർഷങ്ങളായി തർക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.