ഗസ്സ സിറ്റി: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് തങ്ങളുടെ പൗരനെ മോചിപ്പിച്ചതിൽ ഖത്തറിന് നന്ദി പറഞ്ഞ് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ. ഹമാസ് വിട്ടയച്ച 24 തടവുകാരിൽ ഫിലിപ്പീൻസ് പൗരനായ ഗെലിയനോർ ജിമ്മി പച്ചെക്കോയും ഉൾപ്പെട്ടിട്ടുണ്ടെന്നും പാച്ചെക്കോ സുരക്ഷിതനാണെന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മാർക്കോസ് പറഞ്ഞു.
‘അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കുന്നതിൽ ഫിലിപ്പീൻസ് ഫോറിൻ സർവിസിന്റെ പ്രവർത്തനത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ജിമ്മിയുടെ മോചനം സാധ്യമാക്കുന്നതിൽ ഖത്തറിന്റെ വിലമതിക്കാനാവാത്ത സഹായത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു’ -മാർക്കോസ് എക്സിൽ കുറിച്ചു.
അതേസമയം, ഒക്ടോബർ ഏഴിന് ശേഷം കാണാതായ മറ്റൊരു ഫിലിപ്പിൻ സ്വദേശി നോറലിൻ ബാബാദിലയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അവർ ഗസ്സയിൽ തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയിലായത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ.
ഇതുപ്രകാരം 13 ഇസ്രായേലികളെയും 11 തായ്‍ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയുമാണ് ഹമാസ് വിട്ടയച്ചത്. ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിർത്തിവഴി ഇസ്രായേലിന് കൈമാറി. രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെത്തിലെ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം ഇവരെ നാട്ടിലേക്ക് കൊണ്ടുപോകും. വിട്ടയക്കപ്പെട്ടവർ നല്ല ആരോഗ്യനിലയിലാണെന്ന് റെഡ് ക്രോസ് പ്രതിനിധി സംഘം പറഞ്ഞതായി ഇസ്രായേൽ നാഷണൽ എമർജൻസി സർവീസ് ഡയറക്ടർ ജനറൽ എലി ബിൻ പറഞ്ഞു. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. തായ് ബന്ദികളെ വിട്ടയച്ചതായി സുരക്ഷാ വിഭാഗവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചെന്ന് തായ്‍ലൻഡ് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വർഷങ്ങളായി ഇസ്രായേൽ തടവറയിൽ കഴിയുന്ന 39 ഫലസ്തീനി പൗരൻമാരെയാണ് ഇസ്രായേൽ വിട്ടയച്ചത്. കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്കിലെ നാബുലസ്, റാമല്ല എന്നിവിടങ്ങളിലെ 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേൽ ജയിലുകളിൽനിന്നും മോചിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.