വാഷിങ്ടൺ: യു.എസിലെ നെവാഡയിൽ വാർഷിക എയർ റേസ് മത്സരത്തിനിടെ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നു. യുട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോയിൽ വിമാനം നിയന്ത്രണം വിട്ട് നിലത്ത് ഇടിക്കുകയും പൊട്ടിത്തെറിച്ച് തീഗോളമാവുന്നതും കാണാം. റിനോ എയർ റേസിന്റെ അവസാന ദിനത്തിലെ ചാമ്പ്യൻഷിപ്പ് റൗണ്ടിനിടെ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ജെറ്റ് ഗ്ലോഡ് റേസിന്റെ മൂന്നാം ലാപ്പിനിടെയായിരുന്നു അപകടം. തുടർന്ന് മറ്റെല്ലാ വിമാനങ്ങളും പൈലറ്റുമാർ നിലത്തിറക്കി. അതേസമയം, മരിച്ച പൈലറ്റിന്റെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്.ബി) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്.എ.എ) ചേർന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് റേസ് ചെയർമാൻ ഫ്രെഡ് ടെല്ലിങ് അറിയിച്ചു. മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും റേസ് ചെയർമാൻ പറഞ്ഞു.
സംഭവത്തിന് തൊട്ടുപിന്നാലെ അവസാന ദിവസത്തെ ബാക്കി പരിപാടികളെല്ലാം റദ്ദാക്കി. എല്ലാ വർഷവും സെപ്റ്റംബറിൽ നെവാഡയിലെ റെനോ സ്റ്റെഡ് എയർപോർട്ടിലാണ് റിനോ എയർ റേസ് നടക്കാറ്. ബൈപ്ലെയ്‌നുകൾ, ജെറ്റ് എന്നിങ്ങനെ വിവിധ തരം വിമാനങ്ങൾ തമ്മിലുള്ള മത്സരങ്ങളാണ് റിനോ എയർ റേസിന്‍റെ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.