നൈറോബി: കടലും കരയും അതിവേഗം വിഴുങ്ങാനൊരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപംനൽകാനായി കെനിയയിൽ ലോക രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കം. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ പങ്കെടുക്കും.
രാജ്യാന്തര ഒത്തുതീർപ്പ് സമിതി (ഐ.എൻ.സി) കഴിഞ്ഞ മേയിൽ പാരിസിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ തുടർച്ചയായാണ് കെനിയയിൽ വീണ്ടും ചേരുന്നത്. സമ്മേളനം 17 വരെ നീണ്ടുനിൽക്കും. പ്ലാസ്റ്റിക് ഉൽപാദനം നിയന്ത്രിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ പറഞ്ഞു.
പ്രതിവർഷം 40 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്നത്. അതിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പുനരുൽപാദനമെന്ന് യു.എൻ പരിസ്ഥിതി ഏജൻസി പറയുന്നു. ഓരോ വർഷവും 1.4 മെട്രിക് ടൺ കടലിലെത്തുമ്പോൾ അവശേഷിച്ചവ കരയിൽതന്നെ ഉപേക്ഷിക്കപ്പെടുന്നു.
ഇതുസംബന്ധിച്ച് മൂന്നാം റൗണ്ട് ചർച്ചയാണ് കെനിയൻ തലസ്ഥാനമായ നൈറോബിയിൽ പുരോഗമിക്കുന്നത്. 2022ൽ മാർച്ചിൽ വിവിധ സർക്കാറുകൾ ചേർന്ന് 2023 അവസാനത്തോടെ പ്ലാസ്റ്റിക് നിയന്ത്രണ കരാർ പ്രാബല്യത്തിലാക്കാൻ തീരുമാനമെടുത്തിരുന്നു. പ്ലാസ്റ്റിക് ഉൽപാദനമടക്കം നിയന്ത്രിക്കണമോ അതോ പ്ലാസ്റ്റിക് മാലിന്യത്തിന് മുൻഗണന വേണോ എന്നതാകും നൈറോബി സമ്മേളനത്തിലെ ഒന്നാം പരിഗണന.
സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഓരോ രാജ്യത്തിനും സ്വാതന്ത്ര്യം നൽകുന്ന ‘പാരിസ് മാതൃക’ ഉടമ്പടി വേണമെന്ന് ഇന്ത്യ, യു.എസ്, ചൈന അടക്കം രാജ്യങ്ങൾ പറയുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ഏകീകൃത പ്രതിബദ്ധത നിഷ്കർഷിക്കുന്ന ആഗോള കരാർ വേണമെന്ന് ആഫ്രിക്കയും മറ്റു വികസ്വര രാജ്യങ്ങളും ആവശ്യപ്പെടുന്നു. 2024 അവസാനമാകുമ്പോഴേക്ക് പ്ലാസ്റ്റിക് നിർമാർജനത്തിന് ഔദ്യോഗിക കരാർ പ്രാബല്യത്തിലാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.