Photo: kunal patil

‘മോദിയുടെ പ്രസംഗം ബ്രില്യന്റായിരുന്നു, അദ്ദേഹത്തിന്റെ കവിളുകൾ തുടുത്തു’

പാരീസ്: ഫ്രാൻസ് സന്ദർശനത്തിനിടെ മോദി നടത്തിയ പ്രസംഗത്തെ കുറിച്ച് പ്രവാസി ഇന്ത്യക്കാരി നടത്തിയ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. പ്രധാനമന്ത്രിയുടെ പ്രസംഗം ബ്രില്യന്റായിരുന്നുവെന്നും ഹൃദയസ്പർശിയായിരുന്നുവെന്നും അഭിപ്രായപ്പെട്ട യുവതിയോട് പ്രസംഗത്തിൽ നിങ്ങൾക്ക് എന്താണ് ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചപ്പോൾ ‘അദ്ദേഹം ഞങ്ങളുടെ ഹൃദ​യത്തോടാണ് സംസാരിച്ചത്. പ്രസംഗിക്കുമ്പോൾ മോദിയുടെ കവിളുകൾ തുടുത്തിരുന്നു’ എന്നായിരുന്നു പ്രതികരണം.

ഇന്ത്യൻ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വിഡിയോ ഇന്റർവ്യൂ പുറത്തുവിട്ടത്. ഇതിനുതാഴെ വ്യാപകട്രോളുകളാണ് വരുന്നത്. ‘മേക്കപ്പ് ചെയ്തത് കൊണ്ടാണ് മോദിയുടെ മുഖം തിളങ്ങുന്നത്. കൂടാതെ കൂടുതൽ സമയവും എസി റൂമുകൾക്കുള്ളിലാണ് കഴിയുന്നത്’ ‘മോദിയുടെ സ്കിൻ കെയറിന്റെ ഗുണമാണ് കവിളിന്റെ തുടുപ്പ്’ -ചിലർ കമന്റ് ചെയ്തു. ‘കള്ളം ഇവിടെ ഇല്ലായിരുന്നുവെങ്കിൽ സംഘികൾ ഉണ്ടാകുമായിരുന്നില്ല’ എന്ന് മറ്റൊരാൾ കുറിച്ചു. മോദിയിൽ അവർ ദിവ്യ പുരുഷനെയാണ് കാണുന്നത് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

‘ഈ തിളക്കത്തെ പവർ ഗ്രിഡുമായി ബന്ധിപ്പിക്കാൻ കഴിയുമോ? ഒരുപക്ഷേ ഈ തിളക്കം അന്തർവാഹിനികൾക്കും ശക്തി പകരുമോ? അനന്തമായ അവസരങ്ങളാണ് മുന്നിൽ’ എന്ന് മറ്റൊരാളുടെ കമന്റ്. ‘മോദിയോടുള്ള ഇഷ്ടം കാരണം അവർ ഇന്ത്യയിലേക്ക് വരുമോ?’ എന്നായിരുന്നു ഒരാളുടെ സന്ദേഹം. ഇന്ത്യയി​ലെത്തിയാൽ മാസം 5 കിലോ റേഷൻ കിട്ടുമെന്ന് മ​റ്റൊരു കമന്റ്.

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് ഫ്രാൻസിലെത്തിയത്. പാരീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

വിവിധമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്ന് പാരീസിലെത്തിയശേഷം മോദി ട്വീറ്റുചെയ്തു. തന്ത്രപ്രധാനമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്രപങ്കാളിത്തത്തിന്റെ 25-ാം വാർഷികവേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതടക്കം ചർച്ചയാകും. ഫ്രാൻസുമായി 90,000 കോടി രൂപയുടെ പ്രതിരോധക്കരാറാണ് ഒരുങ്ങിയതെന്നാണ് റിപ്പോർട്ട്.

ചർച്ചയ്ക്കുശേഷം പ്രതിരോധരംഗത്തേതുൾപ്പെടെ സുപ്രധാനകരാറുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഫ്രാൻസി​െൻറ ദേശീയദിനാഘോഷത്തിൽ (ബാസ്റ്റീൽ ദിനം) മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളിൽനിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റഫാൽ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും.

ഇതിനിടെ, ഫ്രാൻസിൽനിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങളും സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളും വാങ്ങാനുള്ള നിർദേശത്തിന് കേന്ദ്രസർക്കാർ ഇന്നലെ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ ഇന്ന് പ്രഖ്യാപിക്കും. കരാറൊപ്പിട്ട് മൂന്നുവർഷത്തിനുള്ളിൽ റഫാൽവിമാനം ഫ്രാൻസിൽനിന്ന് ഇന്ത്യക്ക് ലഭിച്ചുതുടങ്ങും. 26 റഫാൽ ജെറ്റുകളിൽ നാലെണ്ണം പരിശീലനത്തിനായിരിക്കും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ്. വിക്രാന്ത് വിമാനവാഹിനിക്കപ്പലിൽ വിന്യസിക്കാനാണ് പ്രധാനമായും റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ റഷ്യൻ നിർമിത മിഗ്-29 കെ വിമാനങ്ങളാണ് നാവികസേന ഉപയോഗിച്ചുവരുന്നത്. 

Tags:    
News Summary - PM modi in france: ‘It was a brilliant speech and I am very touched’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.