ന്യൂഡൽഹി: ആഗോള രാഷ്ട്രീയം സംഘർഷഭരിതമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി യു.എസിലേക്ക് തിരിച്ചു. പ്രാദേശിക സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) ഫിലാഡൽഫിയയിലെത്തുന്ന പ്രധാനമന്ത്രി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്വദേശമായ വിൽമിങ്ടണിലേക്ക് തിരിക്കും. അവിടെ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു പുറമെ മോദിയുടെ റഷ്യ, യുക്രെയ്ൻ സന്ദർശനങ്ങളും ചർച്ചയാകുമെന്നാണ് സൂചന.
റഷ്യ - യുക്രെയ്ൻ യുദ്ധം കൂടാതെ, പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഹമാസ് യുദ്ധവും, ഇസ്രായേൽ - ഹിസ്ബുല്ല സംഘർഷവും നിലനിൽക്കുന്നതിനിടെയാണ് മോദിയുടെ യു.എസ് സന്ദർശം. പ്രതിരോധ സഹകരണ കൂട്ടായ്മയായ ‘ക്വാഡ്’ ഗ്രൂപ്പിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യക്കും യു.എസിനും പുറമെ ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും ക്വാഡിലെ സഖ്യകക്ഷികളാണ്. യുദ്ധ വിരാമത്തിനായി കൂട്ടായ തീരുമാനത്തിലെത്താൻ ചർച്ച നടത്താനുള്ള ധാരണ ക്വാഡ് സമ്മേളനത്തിൽ ഉരുത്തിരിഞ്ഞേക്കാം. ബൈഡനും മോദിക്കും പുറമെ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജാപ്പനീസ് മുഖ്യമന്ത്രി ഫ്യുമിയോ കിഷിദ എന്നിവരാണ് ചർച്ചക്കെത്തുന്നത്. ചൈനയുടെ അതിർത്തിയിലെ കടന്നു കയറ്റവും തയ്‍വാൻ കടലിടുക്കിലെ തർക്കങ്ങളും ചർച്ചയാകും.
ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ -യു.എസ് സഹരണത്തിനുള്ള പദ്ധതികൾ തയാറാകുന്നതായി നേരത്തെ യു.എസ് നയതന്ത്രജ്ഞർ പറഞ്ഞിരുന്നു. ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആലോചിക്കുന്നതായി വിവരമുണ്ട്. ഇതിന്റെ തുടർ നടപടികൾ മോദി - ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. രണ്ടാംദിനം ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ മോദി സംബോധന ചെയ്യും. പ്രമുഖ കമ്പനികളുടെ തലവൻമാരുമായി സംസാരിക്കും. നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോടെക്നോളജി, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കും.
മൂന്നാം ദിനമായ സെപ്റ്റംബർ 23ന് ന്യൂയോർക്കിലെ യു.എൻ പൊതുസഭയിലെ ‘ഭാവിയുടെ ഉച്ചകോടി’യെ മോദി അഭിസംബോധന ചെയ്യും. ‘നല്ല നാളേക്കു വേണ്ടിയുള്ള ബഹുമുഖ പരിഹാരങ്ങൾ’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. മറ്റു ചില ലോക നേതാക്കളുമായും യു.എന്നിൽ മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.