മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപോസ്തൽ’ സമ്മാനിച്ച് പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ക്രെംലിനിലെ സെന്റ്. ആൻഡ്രൂ ഹാളിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.
2019ൽ പ്രഖ്യാപിച്ച അവാർഡാണിത്. യേശു ക്രിസ്തുവിന്റെ ആദ്യ അപോസ്തലനായ ആൻഡ്രൂ പുണ്യാളന്റെ പേരിൽ 1698ൽ സാർ ചക്രവർത്തിയായ പീറ്റർ ദ ഗ്രേറ്റ് ഏർപ്പെടുത്തിയ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി.
ഇത് ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യ-റഷ്യ സൗഹൃദത്തിനുമായി സമർപ്പിക്കുന്നതായി അവാർഡ് സ്വീകരിച്ച് മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
അതിനിടെ, മോദിയുടെ റഷ്യ സന്ദർശനവും വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയും ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി അഭിപ്രായപ്പെട്ടു.
'റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേർക്കാണ് പരിക്കേറ്റത്. യുക്രെയ്നിലെ ഏറ്റവും വലിയ കുഞ്ഞുങ്ങളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അർബുദരോഗികളെയാണ് ലക്ഷ്യമാക്കിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് നിരവധി പേർ. അങ്ങനെയൊരു ദിവസം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തക്കൊതിയനായ കുറ്റവാളിയെ ആലിംഗനം ചെയ്യുമ്പോൾ അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ്' -സെലൻസ്കി പറഞ്ഞു.
രണ്ട് ദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയത്. 22ാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്.
റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് മോദി സന്ദർശനത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. കസാൻ, യെകാതറിൻ ബർഗ് എന്നിവിടങ്ങളിലാണ് കോൺസുലേറ്റുകൾ തുറക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.