തൊഷാഖാന കേസിൽ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം; ലാഹോറിലെ വസതി വളഞ്ഞ് പൊലീസ് സന്നാഹം

ലാഹോർ: തൊഷാഖാന (സമ്മാന ശേഖരം) കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം. ഇംറാൻ ഖാന്‍റെ ലാഹോറിലെ സമാൻ പാർക്കിലെ വസതിയിലാണ് വൻ പൊലീസ് സന്നാഹം എത്തിയത്.

തൊഷാഖാന കേസിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇംറാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സഫർ ഇഖ്ബാൽ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇസ്ലാമാബാദിലെയും ലാഹോറിലെയും പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്.

ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തൊഷാഖാന എന്ന ട്രഷറിയിൽ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങൾ വിൽപന നടത്തിയത് വഴി അളവിൽ കവിഞ്ഞ സ്വത്ത് ഇംറാൻ ആർജിച്ചെന്നാണ് കേസ്.

ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവിൽ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നൽകണമെന്നാണ് പാക് നിയമം. സമ്മാനങ്ങളോ, അതിന്‍റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നൽകുന്നു.

അതേസമയം, ഇസ്ലാമാബാദ് പൊലീസ് എത്തിയതിന് പിന്നാലെ ഇംറാന്‍റെ വസതിക്ക് പുറത്ത് തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാനായി പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.

സ്വർണ വ്യാപാരിക്ക് വിൽപന നടത്തിയെന്ന ആരോപണത്തിലാണ് രാജ്യത്തെ അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) അന്വേഷണം നടത്തിയിരുന്നു. നെക്ലേസ് മുൻ സ്പെഷ്യൽ അസിസ്റ്റന്‍റ് സുൽഫീക്കർ ബുഖാരിക്ക് കൈമാറുകയും അദ്ദേഹം ലാഹോറിലെ സ്വർണ വ്യാപാരിക്ക് 18 കോടി രൂപക്ക് വിൽപന നടത്തിയെന്നുമാണ് ആരോപണം. നെക്ലേസ് വിൽപന നടത്തിയത് പകരമായി ഇംറാൻ ചെറിയ തുക മാത്രമാണ് ഖജനാവിൽ നിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ആരോപണങ്ങളിൽ ഇംറാൻ ഖാനെതിരെ 74 കേസുകൾ ഭരണകൂടം എടുത്തിട്ടുണ്ടെന്നും ഇതിൽ 34 എണ്ണം ക്രിമിനൽ കേസുകളാണെന്നും മാധ്യമപ്രവർത്തകനായ ഫവാദ് പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Police arrive at former Pakistan PM Imran Khan's residence at Islamabad to arrest him in the Toshakhana case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.