കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി കെ.പി ശർമ ഒലി 20 മന്ത്രിമാരെ നിയമിച്ചത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി. പാർലമെൻറ് പിരിച്ചുവിട്ട ശേഷം രണ്ടു തവണ മന്ത്രിസഭ വികസിപ്പിച്ച ഒലിയുടെ നടപടി അസാധുവാണെന്നും കോടതി ഉത്തരവിട്ടു. ഒലിക്ക് ശക്തമായ തിരിച്ചടിയാണ് വിധി. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷർ റാണ അധ്യക്ഷനായ ബെഞ്ചിെൻറതാണ് വിധി.
പാർലമെൻറ് പിരിച്ചുവിട്ടിട്ടും മന്ത്രിമാർ ചുമതലയിൽ തുടരുന്നത് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കാവൽ സർക്കാരിെൻറ മന്ത്രിസഭ വികസനം അസാധുവാക്കണമെന്ന് കാണിച്ച് മുതിർന്ന അഭിഭാഷകൻ ദിനേഷ് ത്രിപതി ഉൾപ്പെടെ ആറുപേർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി. കഴിഞ്ഞ മാസം പാർലമെൻറിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട ഒലി ന്യൂനപക്ഷ സർക്കാരിനാണ് നേതൃത്വം നൽകുന്നത്. കടുത്ത വിമർശനങ്ങൾക്കിടെയാണ് ഈ മാസം നാലിനും 10നും 17 മന്ത്രിമാരെ ഉൾപ്പെടുത്തി അദ്ദേഹം മന്ത്രിസഭ വികസിപ്പിച്ചത്. കൂടാതെ മൂന്ന് സഹമന്ത്രിമാരെ കൂടി നിയമിക്കുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി രാജിവെച്ച് ചുമതല കൈമാറുകയോ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ ചെയ്യുന്നതാണ് ഭരണഘടനപരമായ നടപടിയെന്നും ഹരജിയിൽ പറയുന്നു.
പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിൽ ഭരിക്കുന്നത് കാവൽ മന്ത്രിസഭ മാത്രമാണെന്നും പുതിയ മന്ത്രിമാരെ നിയമിക്കാൻ കാവൽ പ്രധാനമന്ത്രിക്ക് ഭരണഘടനപ്രകാരം അനുമതിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം മേയ് 22ന് പ്രസിഡൻറ് ബിദ്യ ദേവി ബണ്ഡാരി പാർലമെൻറ് പിരിച്ചുവിട്ടതോടെയാണ് നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.