വത്തിക്കാൻ സിറ്റി: കാനഡയിൽ പള്ളി അധികൃതർ നടത്തിയിരുന്ന റെസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശീയ ഗോത്രവർഗക്കാരായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാർപാപ്പയുടെ മാപ്പപേക്ഷ.
ഇറ്റാലിയൻ ഭാഷയിലുള്ള പോപ്പിന്റെ സംസാരം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി. ഈ വർഷം ജൂലൈയിൽ കാനഡ സന്ദർശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കാനഡയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂൾ നിലനിന്ന ഭാഗത്തുനിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
കുടുംബങ്ങളിൽനിന്ന് ബലമായി വേർപെടുത്തിയാണ് ഗോത്രവിഭാഗങ്ങളിലെ ഒന്നരലക്ഷത്തോളം കുട്ടികളെ സ്കൂളിലെത്തിച്ചിരുന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവയായിരുന്നു ഈ സ്കൂളുകൾ. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന കുട്ടികളില്‍ ആയിരക്കണക്കിനു പേര് വീടുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് 2008ല്‍ ഈ പീഡനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 2008ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഈ സംഭവങ്ങളില്‍ മാപ്പുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.