ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 

പൗരോഹിത്യാധിപത്യം ബാധിച്ച വൈദികർ സഭക്കു നാശമുണ്ടാക്കുന്നു -ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ: പൗരോഹിത്യാധിപത്യമാണ് ഒരു സഭയ്ക്കു സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമെന്നും പൗരോഹിത്യാധിപത്യത്തിലൂടെ രോഗാതുരനാകുന്ന വൈദികരും മെത്രാനും കർദിനാളും സഭക്കു വലിയ നാശമുണ്ടാക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാപ്പായുടെ പരാമര്‍ശം.

പൗരോഹിത്യവത്കരണം പകര്‍ച്ചവ്യാധിയാണ്. പൗരോഹിത്യവത്കരിക്കപ്പെടുന്ന അത്മായര്‍ അതിനേക്കാള്‍ ദുരന്തമാണ്. അവര്‍ സഭയ്ക്കു ശല്യമാണ്. അത്മായര്‍ എപ്പോഴും അത്മായരായിരിക്കണം -പാപ്പാ വ്യക്തമാക്കി. തന്റെ ഭരണകാലത്ത് താന്‍ ഏറ്റവുമധികം സഹനമനുഭവിച്ച വിഷയം അഴിമതിയാണെന്നും പാപ്പ പറഞ്ഞു. സാമ്പത്തിക അഴിമതി മാത്രമല്ല ഹൃദയത്തിന്റെ അഴിമതിയും ഇതിൽ ഉൾപ്പെടും -അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പയായിരിക്കുന്നത് എളുപ്പമുള്ള ജോലിയല്ലെന്നും ചെയ്യുന്നതിനു മുമ്പ് അതു പഠിക്കാനുള്ള അവസരം ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെ തള്ളിപ്പറയുകയെന്ന വീഴ്ച പത്രോസിനുണ്ടായി. എന്നിട്ടും ഉത്ഥാനത്തിനു ശേഷം പത്രോസിനെയാണ് ഈശോ തിരഞ്ഞെടുത്തത്. അതാണു കര്‍ത്താവ് നമ്മോടു കാണിക്കുന്ന കരുണ. പാപ്പായോടും ആ കരുണ അവിടുന്ന് കാണിക്കുന്നു. താന്‍ പ്രയോജനശൂന്യനായ ഒരു ദാസന്‍ എന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ 'മരണചിന്തകളില്‍' എഴുതിയത് - അദ്ദേഹം വിശദീകരിച്ചു.

ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ല. തന്നെ തെരഞ്ഞെടുത്ത കർദിനാൾ സംഘത്തിന്റെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നതാണ് തന്റെ ഭരണപരിപാടി. സഭ ഒരു വ്യാപാരസ്ഥാപനമോ സന്നദ്ധസംഘടനയോ അല്ല, പാപ്പാ ഒരു ഭരണാധികാരിയും അല്ല. ഈശോ പഠിപ്പിച്ചതു പ്രകാരമുള്ള കാരുണ്യപ്രവൃത്തികള്‍ ചെയ്തുവോ എന്നതിനെ ആധാരമാക്കിയായിരിക്കും കര്‍ത്താവ് എന്നെ വിധിക്കുക -ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സഭയും സമാധാനം നിറഞ്ഞ ഒരു ലോകവുമാണു താന്‍ സ്വപ്നം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Pope Francis marks 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.