വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും പങ്കെടുക്കും. സി.എൻ.എൻ ചാനലിന്‍റെ ക്ഷണം സ്വീകരിക്കുന്നതായി ഇരു സ്ഥാനാർഥികളും അറിയിച്ചു.
ബൈഡൻ-ട്രംപ് ആദ്യ സംവാദം ജൂൺ 27നും രണ്ടാമത്തെ സംവാദം സെപ്തംബർ 10നുമാണ് നടക്കുക. സി.എൻ.എൻ ക്ഷണം ആദ്യം സ്വീകരിച്ച ബൈഡൻ, സംവാദത്തിന് തയാറാകാൻ എക്സിലൂടെ ട്രംപിനോട് ആവശ്യപ്പെട്ടു. ഏത് സമയത്തും ഏത് സ്ഥലത്തും സംവാദത്തിന് തയാറാണെന്നും ബൈഡൻ വ്യക്തമാക്കി.
ബൈഡൻ മറുപടി നൽകിയ ട്രംപ് സെപ്തംബർ 10ന് നടക്കുന്ന സംവാദത്തിൽ പങ്കെടുക്കാൻ തയാറാണെന്ന് അറിയിച്ചു. സ്വന്തം വിമാനത്തിൽ താൻ വരുമെന്നും ബൈഡൻ സ്വന്തം ചെലവിൽ സംവാദത്തിന് വരണമെന്നും ട്രംപ് വ്യക്തമാക്കി. താൻ അടുത്ത നാലുവർഷം പ്രസിഡന്‍റ് ആകാനുള്ള തയാറെടുപ്പിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
നവംബറിലാണ് അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്രെയ്ൻ, ഗസ്സ അടക്കം അന്താരാഷ്ട്ര-ആഭ്യന്തര വിഷയങ്ങളിലെ വിദേശ നയങ്ങളാണ് തെരഞ്ഞെടുപ്പിൽ ബൈഡൻ നേരിടുന്ന വലിയ വെല്ലുവിളി. കാപ്പിറ്റോൽ ഹിൽ ആക്രമണം, പീഡനം അടക്കം നിരവധി ക്രിമിനൽ കേസുകൾ നേരിടുകയാണ് ട്രംപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.