യു.എസ് സർവകലാശാലകളിൽ ആഞ്ഞുവീശി ഫലസ്തീൻ അനുകൂല പ്രക്ഷോഭം; അടിച്ചമർത്താൻ പൊലീസ് ശ്രമം, 400ലേറെ പേർ അറസ്റ്റിൽ

ന്യൂയോര്‍ക്ക്: യു.എസിലെ വിവിധ സർവകലാശാലകളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭം കരുത്താർജിക്കുന്നു. പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമം. 24 മണിക്കൂറിനിടെ വിദ്യാർഥികളുൾപ്പെടെ നാനൂറോളം പേരെ അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിലും സിറ്റി ക്യാമ്പസിലും കൂട്ട അറസ്റ്റുണ്ടായി. കൊളംബിയ സർവകലാശാലയിൽ 109 വിദ്യാർഥികളെയും സിറ്റി കാമ്പസിൽ 173 വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു.

ടെക്‌സസ് യൂണിവേഴ്‌സിറ്റി, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ലോസാഞ്ചലസ് യൂണിവേഴ്‌സിറ്റി തുടങ്ങി അമേരിക്കയിലെ മുഴുവൻ കാമ്പസുകളിലും പൊലീസ് കയറുകയും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാൻ ഇസ്രായേൽ അനുകൂല സംഘവും എത്തുന്നുണ്ട്. ഇത് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. 


കഴിഞ്ഞ വർഷം ഗസയിൽ ഇസ്രായേൽ ആരംഭിച്ച മാരകമായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസ മുനമ്പിൽ 34,000 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. 


യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രായേലിൽ നിന്ന് യൂണിവേഴ്സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ തങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർഥികളുടെ പക്ഷം. 

യുഎസിലെ യൂണിവേഴ്‌സിറ്റി കാമ്പസുകളിലുടനീളമുള്ള ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ പിരിച്ചുവിടാനും തകർക്കാനും എടുത്ത 'കടുത്ത നടപടികളിൽ' യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സമൂഹത്തിന് മൗലികമാണെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Pro palestine protest in us universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.