തെൽഅവീവ്: കോടതികളെ നിയന്ത്രിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നീക്കങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. പ്രധാന ഹൈവേകൾ തടഞ്ഞ പ്രതിഷേധകർ, തലസ്ഥാനമായ തെൽഅവീവിലെ സ്റ്റോക് എക്സ്ചേഞ്ചിനും സൈനിക കാര്യാലയത്തിനും മുന്നിൽ തടിച്ചുകൂടി. പാർലമെന്ററി കമ്മിറ്റി മുമ്പാകെയുള്ള വിവാദ നിർദേശങ്ങളിൽ അടുത്തയാഴ്ചയാണ് വോട്ടെടുപ്പ്.
മധ്യ തെൽഅവീവിലെ കിർയയിലുള്ള ഇസ്രായേൽ സേന ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധക്കാർ മനുഷ്യച്ചങ്ങല തീർത്തു. തെൽഅവീവ് സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽ മുദ്രാവാക്യങ്ങളും ബാൻഡ്മേളവുമായി തടിച്ചുകൂടിയവർ പുക ബോംബകളും എറിഞ്ഞു.
ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ ഹിസ്റ്റാഡ്രുട്ട് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ ഓഫിസിന് മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി. നെതന്യാഹുവിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിൽ തൊഴിലാളി യൂനിയൻ പണിമുടക്കിന് ആഹ്വാനംചെയ്തിരുന്നു.
ഇതേതുടർന്ന് കോടതി പരിഷ്കരണ നടപടികൾ നെതന്യാഹു തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. പ്രതിഷേധം നടത്തിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.