പ്യോങ്യാങ്: ആഗോളതലത്തിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഉത്തരകൊറിയയിലെത്തി. കിം ജോങ് ഉൻ പുടിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക-സൈനിക സഹകരണം കൂടുതൽ ഊർജിതമാക്കാനുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും നടത്തുമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെയാണ് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ പുടിനെത്തിയത്. ചുവന്ന പൂക്കളുള്ള ബൊക്കെ നൽകിയായിരുന്നു റഷ്യൻ പ്രസിഡന്റിനെ സ്വീകരിച്ചത്. പിന്നീട് കിം ജോങ് ഉന്നും വ്ലാഡമിർ പുടിനും ചേർന്ന് ലിമോസിൻ കാറിൽ പുടിൻ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.
പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി ഉത്തരകൊറിയയിലെ തെരുവുകൾ റഷ്യൻ പതാകകൾ കൊണ്ടും നേതാക്കളുടെ ചിത്രങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പിന്നീട് പുടിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതിന് കിം ഉൽ സുങ് സ്വകയറിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
24 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു റഷ്യൻ നേതാവ് ഉത്തരകൊറിയ സന്ദർശിക്കുന്നത്. യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു. പുടിനൊപ്പം റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും വിദേശകാര്യമന്ത്രി സെർജി ലാവ്റോവും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.