ലണ്ടൻ: ഡയാന രാജകുമാരിയുടെ രണ്ടാമത്തെ മകൻ ഹാരി രാജകുമാരന്‍റെ കാര്യത്തിൽ ചാൾസ് മൂന്നാമൻ രാജാവിന്‍റെ രണ്ടാമത്തെ ഭാര്യ കാമില രാജ്ഞി അതീവ ജാഗ്രത പുലർത്തിയിരുന്നതായി പുസ്തകത്തിൽ പരാമർശം.
രാജകീയ എഴുത്തുകാരി ഏഞ്ചല ലെവിന്‍റെ 'കാമില, ഡച്ചസ് ഓഫ് കോൺവാൾ: ഫ്രം ഔട്ട്‌കാസ്റ്റ് ടു ഫ്യൂച്ചർ ക്വീൻ കൺസോർട്ട്' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്. രാജകുടുംബത്തിന് പുറത്തുള്ള കാമിലയുടെ രാജ്ഞിയിലേക്കുള്ള യാത്രയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം.
'കാമിലക്ക് ഹാരിയുടെ കാര്യത്തിൽ എപ്പോഴും ജാഗ്രതയായിരുന്നു. ഹാരി ദീർഘനേരം ശാന്തതയോടെ തന്നെ വീക്ഷിക്കുന്നത് കാമില കാണാറുണ്ട്. അത് കാമിലയെ അലോസരപ്പെടുത്തിയിരുന്നു' പുസ്തകത്തിൽ പറയുന്നു.
ആവശ്യമാണെന്ന് തോന്നിയ അവസരത്തിലെല്ലാം ഹാരിയെ കാമില പിന്തുണച്ചു. ആധുനിക ലോകത്ത് ചെറുപ്പത്തിന്‍റെ വെല്ലുവിളികൾ മനസിലാക്കുന്നതിന് രാജകുമാരനെ സഹായിക്കാൻ ശ്രമിച്ചു. കുട്ടിക്കാലത്ത് നേരിടേണ്ടി വന്നതിനേക്കാൾ ഹാരിയുടെ ലോകം ഏറെ തുറന്നതാണെന്നും പുസ്തകത്തിൽ പറയുന്നു.
വില്യം, ഹാരി രാജകുമാരന്മാർ കാമിലയോട് ഊഷ്മളമായ ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും പിതാവിന്‍റെ രണ്ടാം ഭാര്യയോട് എപ്പോഴും ബഹുമാനമുള്ളവരായിരുന്നുവെന്നും എഴുത്തുകാരി പുസ്തകത്തിൽ പറയുന്നു.
1981ലാണ് വില്യം, ഹാരി രാജകുമാരന്മാരുടെ അമ്മയായ ഡയാന രാജകുമാരിയെ ചാൾസ് രാജകുമാരൻ വിവാഹം കഴിച്ചത്. ദാമ്പത്യജീവിതത്തിലെ തകർച്ചയെ തുടർന്ന് ചാൾഡ്-ഡയാന ദമ്പതികൾ 1995ൽ വിവാഹമോചിതരായി.
ഡയാനയെ വിവാഹം കഴിച്ച സമയത്തു തന്നെ കാമിലയുമായി തനിക്ക് വിവാഹേതര ബന്ധമുള്ളതായി ചാൾസ് സമ്മതിച്ചിരുന്നു. ചാൾസ്-കാമില ബന്ധം ലോക മാധ്യമങ്ങളിൽ വലിയ വാർത്തകൾക്ക് വഴിവെക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം വാഹനാപകടത്തിൽ ഡയാന മരിച്ചു. 2005ൽ കാമുകിയായ കാമിലയെ ചാൾസ് രാജകുമാരൻ വിവാഹം കഴിച്ചു.
1973ൽ ബ്രിട്ടീഷ് സൈനിക ഓഫിസറായ ആൻഡ്രു പാർക്കർ ബൗൾസിനെയാണ് കാമില ആദ്യം വിവാഹം കഴിച്ചത്. ടോം, ലോറ എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ. 1995ൽ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.