എലിസബത്ത് രാജ്ഞി അന്തരിച്ചു; സ്ഥിരീകരിച്ച് ബക്കിങ്ഹാം കൊട്ടാരം

ലണ്ടൻ: ആരോഗ്യസ്ഥിതി മോശമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ആരോഗ്യ നില വഷളായതി​നെ തുടർന്ന് ഇന്ന് രാവിലെ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു. 

സ്കോട്ട്‍ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിലുണ്ട്.

1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് ഇവരുടെ കാലത്തായിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായതും അതിൽ നിന്ന് പുറത്ത് പോയതും ഇവരുടെ കീഴിലാണ്. 

15 പ്രധാനമന്ത്രിമാർ എലിസബത്ത് രാജ്ഞിയുടെ കാലത്തുണ്ടായി. 1874 ൽ ജനിച്ച വിൻസ്റ്റൻ ചർച്ചിലിനെയും 101 വർഷങ്ങൾക്ക് ശേഷം ജനിച്ച ലിസ് ട്രസ്സിനെയും പ്രധാനമന്ത്രിയായി നിയമിച്ച അപൂർവതയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്.  

എലിസബത്ത് രാജ്ഞിയുടെ അസാന്നിധ്യത്തിൽ മൂത്ത മകൻ ചാൾസ് രാജ്യത്തെ നയിക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതോടെ ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് ജനങ്ങൾ ഒഴുകുന്നുണ്ട്. രാജ്ഞിയുടെ മൃതദേഹം ഇ​പ്പോൾ ബാൽമോറിലെ കൊട്ടാരത്തിലാണുള്ളത്. 


Tags:    
News Summary - queen elizabeth passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.