തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം ഉന്നത ഉദ്യോഗസ്ഥർ െഹലികോപ്ടർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചതോടെ പ്രസിഡന്‍റിന്‍റെ ചുമതല ഇനി ആരാകും വഹിക്കുകയെന്ന ചർച്ച സജീവമായി. ഇറാനിയൻ ഭരണഘടന അനുസരിച്ച് ആദ്യ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡന്‍റാകും.
50 ദിവസത്തേക്കാണ് മുഖ്ബർ ചുമതലയേൽക്കുക. ഈ കാലയളവിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കണം. ആദ്യ വൈസ് പ്രസിഡന്‍റ്, പാർലമെന്‍റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന ഉന്നതാധികാര കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
നിലവിലെ പ്രസിഡന്‍റിന് മരണമോ അസുഖമോ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപിക്രമം സംബന്ധിച്ച് ഇറാനിയൻ ഭരണഘടനയുടെ അനുച്ഛേദം 131 വ്യവസ്ഥ ചെയ്യുന്നത് ഇപ്രകാരമാണ്.
കൊല്ലപ്പെട്ട പ്രസിഡന്‍റ് ഇബ്രാഹിം റഈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ഒക്ടോബറിൽ റഷ്യ സന്ദർശിച്ച ഇറാനിയൻ ഉദ്യോഗസ്ഥ സംഘത്തിൽ മുഖ്ബർ ഉണ്ടായിരുന്നു. 2010-ൽ യൂറോപ്യൻ യൂനിയൻ ഉപരോധമേർപ്പെടുത്തിയ നേതാക്കളുടെ പട്ടികയിൽ മുഖ്ബർ ഉണ്ടായിരുന്നു. എന്നാൽ, രണ്ടു വർഷത്തിനുശേഷം ഈ പട്ടികയിൽനിന്ന് മുഖ്ബറിനെ നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.