ലണ്ടൻ: യു.കെയിലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടെങ്കിലും, മത്സരിച്ച 26 ഇന്ത്യൻ വംശജർ വിജയിച്ചു. ആദ്യമായാണ് ഇത്രയും ഇന്ത്യൻ വംശജർ ഒരുമിച്ച് ബ്രിട്ടീഷ് പാർലമെന്‍റിൽ എത്തുന്നത്. സുനകിനു പുറമെ കൺസർവേറ്റിവ് പാർട്ടിയിലെ സുവല്ല ബ്രവർമാൻ, പ്രീതി പട്ടേൽ (ഇരുവരും മുൻ ഹോം സെക്രട്ടറിമാർ), ഗഗൻ മൊഹിന്ദ്ര, ശിവാനി രാജ എന്നിവരും വിജയിച്ചു.
14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി അധികാരത്തിലേറിയ ലേബർ പാർട്ടിയിൽ നിന്നാണ് കൂടുതൽ ഇന്ത്യൻ വംശജരുള്ളത്. പാർട്ടിയിലെ മുതിർന്ന നേതാവായ സീമ മൽഹോത്ര, ഗോവൻ വേരുകളുള്ള വലേരി വാസ്, ബ്രിട്ടിഷ് സിഖ് എം.പിമാരായ പ്രീത് കൗർ ഗിൽ, തൻമൻജീത് സിങ്, നവേന്ദു മിശ്ര, നാദിയ വിറ്റോം എന്നിവരെല്ലാം ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെയാണ് പാർലമെന്‍റിലെത്തിയത്.
കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫിന്‍റെ വിജയവും ശ്രദ്ധേയമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടർച്ചയായി ജയിച്ചുപോരുന്ന കെന്‍റ് കൗണ്ടിയിലെ ആഷ്ഫഡിൽ ഡാമിയന്‍ ഗ്രീനിനെതിരെ 1779 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സോജന്‍ ജോസഫ് ജയിച്ചുകയറിയത്. സോജന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകളാണ് (28.7 ശതമാനം) നേടാനായത്.
പൊതുതെരഞ്ഞെടുപ്പിൽ 650ൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.