ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിന് 65കാരിയെ പൊലീസ് നിലത്ത് തള്ളിയ ശേഷം കൈയ്യാമം വെച്ചു. ടെക്സസിലെ ഗാൽവസ്റ്റണിലുള്ള ബാങ്കിലെത്തിയ ടെറി റൈറ്റ് എന്ന വനിതക്ക് നേരെയാണ് പൊലീസ് നടപടിയുണ്ടായതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്‍റെ ഉത്തരവ് ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും മാസ്ക് ഉപയോഗം സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ അനുവാദം നൽകിയിരുന്നു.
മാസ്ക് ധരിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓർമിപ്പിച്ചെങ്കിലും അവർ തയാറായില്ല.
'നിങ്ങൾ എന്താണ് ചെയ്യുക. എന്നെ അറസ്റ്റ് ചെയ്യുമോ. ഞാൻ മാസ്ക് ധരിക്കേണ്ടെന്നാണ് നിയമം പറയുന്നത്'-പൊതു സ്ഥലമാണെന്ന് തെറ്റിദ്ധരിച്ച് റൈറ്റ് പൊലീകാരോട് പ്രതികരിച്ചു.
ഇതിന് പിന്നാലെയാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായ നടപടിയിൽ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും ഇവിടെയും പൊലീസ് അതിക്രമമാണെന്നും റൈറ്റ് പ്രതികരിച്ചു.
മാസ്ക് ധരിക്കാൻ റൈറ്റ് വിസമ്മതിച്ചതിനെ തുടർന്ന് ബാങ്ക് മാനേജരാണ് പൊലീസിനെ വിളിച്ചത്. കെട്ടിടത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും അവർ തുടരുകയായിരുന്നു.
ഓഫിസറുടെ ബോഡി കാമറ ദൃശ്യങ്ങളിൽ നിന്നും ബാങ്ക് ലോബിയിൽ നിൽക്കുന്ന റൈറ്റ് മാസ്ക് ധരിച്ചില്ലെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് ഇടപാടുകാർ മുഴുവനും മാസ്ക് ധരിച്ച് ബാങ്കിലെത്തിയപ്പോൾ റൈറ്റിന് മാത്രമാണ് മാസ്കില്ലാതിരുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം സാമ്പത്തിക രംഗം സജീവമായ യു.എസിലെ സുപ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്.
ചെറിയ രീതിയിൽ പരിക്കേറ്റ റൈറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ബാങ്ക് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.