ബന്ദികളുടെ മോചനം; ഇസ്രായേൽ യുദ്ധമന്ത്രിസഭയിൽ കടുത്ത ഭിന്നത

തെൽഅവീവ്: ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിന് രാജ്യത്ത് സമ്മർദം കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ വിഷയത്തിൽ ഭിന്നത പരിധിവിട്ട് ഇസ്രായേൽ യുദ്ധ മന്ത്രിസഭ. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരിൽ നടത്തുന്ന ആക്രമണങ്ങൾ ബന്ദികളുടെ ജീവനും എടുക്കുന്നത് വാർത്തയാകുമ്പോഴാണ് ഏതുനിലപാടെടുക്കുമെന്ന വിഷയത്തിലെ ഭിന്നത.

വെടിനിർത്തലിന് പകരമായി ബന്ദികളുടെ മോചന ചർച്ച അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം വാർത്ത ശക്തമായിരുന്നു. എന്നാൽ, പ്രതിരോധ മ​ന്ത്രി യൊആവ് ഗാലന്റും മുതിർന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിർത്തൽ അനുവദിക്കില്ലെന്ന നിലപാടിലാണ്.

മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്സും കൂട്ടരുമാകട്ടെ, ബന്ദികളെ രക്ഷിക്കാൻ എന്തു വിലയും കൊടുക്കണമെന്ന പക്ഷത്തും. നേരത്തെ കടുത്ത നിലപാടുമായി വെടിനിർത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി നെതന്യാഹു ഏതുപക്ഷത്തിനൊപ്പമാണെന്ന് വ്യക്തമല്ലെന്ന് ഇസ്രായേൽ പത്രം ‘ഹാരറ്റ്സ്’ റിപ്പോർട്ട് പറയുന്നു.

ബന്ദികളുടെ മോചനം നിലവിൽ ഒന്നാം പരിഗണനയായി വരാത്തതിനെതിരെ കുടുംബാംഗങ്ങളുടെയടക്കം പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും കഴിഞ്ഞദിവസം നടന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നത്.

എന്നാൽ, ബന്ദികളുടെ മോചനത്തിന് പകരമായി ഇസ്രായേൽ തടവറകളിലെ ഫലസ്തീനികളുടെ മോചനം ഹമാസും ആവശ്യപ്പെടുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഗാലന്റും കൂട്ടരും പറയുന്നത്.

ഹമാസ് ശൃംഖലകൾ പൂർണമായി അവസാനിപ്പിക്കുംവരെ ആക്രമണം നിർബാധം തുടരണമെന്നും അവർ നയം വ്യക്തമാക്കുന്നു. ഇതാകട്ടെ, ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നുറപ്പ്. വരും നാളുകളിലും ഹമാസ് ചെറുത്തുനിൽപ്പ് ശക്തമായി നിലനിൽക്കുമെന്നാണ് സൂചന.

Tags:    
News Summary - release of hostages-discrimination in Israel's war cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.