കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടികളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയവയിൽ ഉൾപ്പെടും. ഹൃദയഭേദകം എന്നാണ് സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്.

1978ല്‍ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. റഡാറിന്‍റെ സഹായത്തോടെയാണ് ഇവർ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂളുകളിൽ പാർപ്പിക്കുകയും സാംസ്‌കാരിക വംശഹത്യ നടത്തുകയായിരുന്നുവെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷം നീണ്ട പഠനത്തിനും അന്വേഷണത്തിനും ഒടുവിലായിരുന്നു ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്.

റസിഡൻഷ്യൽ സ്കൂളുകളിൽ താമസിച്ചിരുന്ന 4100 കുട്ടികൾ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭീകരമായ ശാരീരിക മർദ്ദനങ്ങൾക്കും ബലാത്സംഗത്തിനും ഇവർ വിധേയരായിരുന്നു.

1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ ഉണ്ടായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ നടന്നിരുന്നത്.

Tags:    
News Summary - Remains of 215 children found at indigenous school site in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.