വാൻകൂവർ: ഗോത്രവർഗ കുട്ടികൾക്കുള്ള റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിച്ച കെട്ടിടത്തിെൻറ വളപ്പിൽ കണ്ടെത്തിയത് മൂന്നു വയസ്സുള്ള കുരുന്നുകളുടെതുൾപെടെ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ. കാനഡയുടെ പടിഞ്ഞാറൻ മേഖലയായ ബ്രിട്ടീഷ് കൊളംബിയയിലാണ് രാജ്യത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ.
ഗോത്രവർഗങ്ങളിൽനിന്ന് കുരുന്നുകളെ നിർബന്ധിച്ച് കൊണ്ടുവന്ന് വിദ്യാഭ്യാസത്തിനെന്ന പേരിൽ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്സ് ഇന്ത്യൻ റസിഡൻഷ്യൽ സ്കൂൾ. ക്രിസ്ത്യൻ ചർച്ചുകളുടെ മേൽനോട്ടത്തിൽ 1830കൾ മുതൽ 1990കൾ വരെ ഇവ നിലനിന്നിരുന്നു. കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും അടർത്തിയെടുത്തായിരുന്നു കുട്ടികളെ സ്കൂളുകളിൽ എത്തിച്ചിരുന്നത്.
215 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ കാനഡയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ സ്കൂൾ 1978ൽ അടച്ചുപൂട്ടിയിരുന്നു. ഇതുൾപെടെ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്കൂളുകളിൽ മരിച്ചതായാണ് കണക്ക്. കാംലൂപ്സ് ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിലെ കണക്കുകൾ ഇതിലുൾപ്പെടുത്തിയിരുന്നില്ല. മറ്റുള്ളവ കൂടി ചേരുേമ്പാൾ സംഖ്യ ഇനിയും ഉയരാനും സാധ്യത കൂടുതൽ.
പുതിയ കണ്ടെത്തൽ ഹൃദയം നുറുക്കുന്നതാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 2015ലാണ് ഇവിടെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടെന്ന സൂചന ലഭിച്ചത്. ആറു വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഇത്രയും കണ്ടെത്തിയത്. കുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവ ആരുടെതെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജൂൺ മധ്യത്തോടെ ഇവ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയതിന് 2008ൽ കാനഡ സർക്കാർ രാജ്യത്തോട് മാപ്പുചോദിച്ചിരുന്നു.
സർക്കാറും ക്രിസ്ത്യൻ ചർച്ചും സംയുക്തമായി 19ാം നൂറ്റാണ്ട് മുതലാണ് കാനഡയിൽ ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്. സ്വന്തം സംസ്കാരവുമായി കഴിഞ്ഞ ഗോത്രവർഗക്കാരെ കാനഡയുടെ സംസ്കാരത്തിലേക്ക് സ്വാംശീകരിക്കലായിരുന്നു ഇത്തരം മതപാഠശാലകളുടെ ലക്ഷ്യം. ഇവരുടെ കുടുംബ ജീവിതവും സാംസ്കാരിക അസ്തിത്വവും തകർത്തെന്ന് സ്കൂളുകളെ കുറിച്ച് വ്യാപക ആക്ഷേപമുയർന്നിരുന്നു. വിമർശനം രാജ്യത്തിനു പുറത്തേക്കും പടർന്നതോടെ 1996ൽ അവസാന റസിഡൻഷ്യൽ സ്കൂളും പൂട്ടി. പഴയ വിദ്യാർഥികൾ ഈ സ്ഥാപനങ്ങൾക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ മാപ്പു പോദിക്കൽ. 1831ൽ ഒണ്ടേറിയോയിൽ ബ്രാൻറ്ഫോർഡിലായിരുന്നു ആദ്യ റസിഡൻഷ്യൽ സ്കൂൾ. കാനഡയുടെ പരിസരത്തെ ന്യൂഫ്രാൻസിൽ കാത്തലിക് മിഷനറിമാർ ആരംഭിച്ച സംരംഭമാണ് 1830കൾ മുതൽ കാനഡയിലേക്കും വ്യാപിപ്പിച്ചത്. മറ്റു സഭകളും ഇതിെൻറ ഭാഗമായി. 1930കളിൽ 80 ഓളം റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നു. സ്വന്തം ഗോത്രഭാഷ സംസാരിക്കലും വീട്ടിലേക്ക് അതേ ഭാഷയിൽ കത്തയക്കൽ പോലും ഈ വിദ്യാർഥികൾക്ക് വിലക്കപ്പെട്ടു. പുതിയ വേഷം നിർബന്ധിതമായി അടിച്ചേൽപിച്ചതിന് പുറമെ പേരുമാറ്റവും വന്നു.
ഈ സ്കൂളുകളിൽ എണ്ണമറ്റ മരണങ്ങളും നടന്നു. ഇവയാണ് വൈകിയെങ്കിലും പുറത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.