ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലെ ആദ്യ ടെലിവിഷൻ ചർച്ചയിൽ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ഒപ്പത്തിനൊപ്പം.
തങ്ങളുടെ സാമ്പത്തികനയത്തെയും നികുതി പദ്ധതികളെയുംകുറിച്ച് ഇരുവരും ചൂടേറിയ സംവാദത്തിൽ ഏർപ്പെട്ടു. ബി.ബി.സിയിൽ അരങ്ങേറിയ ആദ്യ സംവാദത്തെക്കുറിച്ചുള്ള അഭിപ്രായ സർവേയിൽ നേരിയ മേൽക്കൈ മാത്രമാണ് ഋഷി സുനക് നേടിയത്. സുനകിന് 39, ലിസ് ട്രസിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. മികച്ചതാരെന്ന് കണ്ടെത്താൻ 1032 പേർ പങ്കെടുത്ത സർവേയിൽ വോട്ടർമാർക്ക് സാധിച്ചില്ല.
പ്രധാനമന്ത്രിയായാൽ നികുതിനിരക്കുകൾ കുറക്കുമെന്ന ലിസ് ട്രസിന്റെ പ്രഖ്യാപനത്തെ സുനക് ശക്തമായി എതിർത്തു. വകയിരുത്താത്ത 4000 കോടി പൗണ്ട് നികുതിയിളവാണ് നിങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനർഥം 4000 കോടി പൗണ്ട് അധിക കടമെന്നാണ് -സുനക് പറഞ്ഞു. യു.കെയിലെ ഇപ്പോഴത്തെ നികുതിബാധ്യതയുടെ കാരണം കോവിഡ് മഹാമാരി സമയത്തെ അപ്രതീക്ഷിത സർക്കാർ ചെലവഴിക്കലാണെന്നും നികുതിയിളവിനേക്കാൾ പ്രാധാന്യം നൽകേണ്ടത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണെന്നും സുനക് വ്യക്തമാക്കി. നികുതിയിളവ് നൽകിയാൽ ലക്ഷക്കണക്കിന് പേരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ സുനകിന് വളർച്ചപദ്ധതികളൊന്നും ഇല്ലെന്നും ട്രസ് തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.