ഒട്ടാവ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുകയും ഫലസ്തീനിയൻ വംശഹത്യയെ ന്യായീകരിക്കുകയും ചെയ്യുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി രൂപി കൗർ. വൈറ്റ് ഹൗസിൽ നവംബർ എട്ടിന് വൈസ് പ്രസിഡന്‍റ് സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിനാണ് രൂപി കൗറിന് ക്ഷണം ലഭിച്ചത്. ദീപാവലി മുന്നോട്ടുവെക്കുന്ന ആശയം ഒരിക്കലും വംശഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടിയും ഗസ്സയിലെ നരനായാട്ടിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുമാണ്, വൈറ്റ് ഹൗസിലെ ആഘോഷത്തിൽ താൻ പങ്കെടുക്കുന്നില്ലെന്ന് രൂപി കൗർ പ്രഖ്യാപിച്ചത്.
നവംബർ എട്ടിന് വൈറ്റ് ഹൗസിൽ വൈസ് പ്രസിഡന്‍റ് നടത്തുന്ന ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ ഏതാനും ദിവസം മുമ്പ് ക്ഷണം ലഭിച്ചിരുന്നു. ഫലസ്തീനിലെ അതിക്രമങ്ങളെ ന്യായീകരിക്കുമ്പോൾ എങ്ങനെ അതിന് തീർത്തും വിപരീതമായ ആശയം മുന്നോട്ടുവെക്കുന്ന ദീപാവലി ആഘോഷം സംഘടിപ്പിക്കാൻ യു.എസ് അധികൃതർക്ക് സാധിക്കുന്നു എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ദക്ഷിണേഷ്യൻ പാരമ്പര്യമുള്ളവർ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നുണ്ട്. ദൈന്ദവ, ജൈന പാരമ്പര്യത്തിൽ, തിന്മക്ക് മേൽ നന്മയുടെയും, അജ്ഞതക്ക് മേൽ അറിവിന്‍റെയും വിജയമാണ് ദീപാവലി. സിഖ് പാരമ്പര്യത്തിൽ, ദീപാവലി സമയത്താണ് ഞങ്ങളുടെ ആറാം ആചാര്യൻ ഗുരു ഹർഗോവിന്ദ് സാഹിബ് 52 രാഷ്ട്രീയ തടവുകാരെ അന്യായമായ ശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചത്. ഈ ദിനത്തിൽ അടിച്ചമർത്തലിനെതിരെയുള്ള സ്വാതന്ത്ര പോരാട്ടത്തെ കുറിച്ചാണ് ഞാൻ ചിന്തിക്കാറ്.
അമേരിക്കൻ ഭരണകൂടം ഗസ്സയിലെ ബോംബിങ്ങിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന് മാത്രമല്ല ഫലസ്തീനിയൻ വംശഹത്യയെ തുടർച്ചയായി ന്യായീകരിക്കുകയും ചെയ്യുന്നു. എത്ര അഭയാർഥി ക്യാമ്പുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു എന്നത് പോലും പരിഗണിക്കാതെ. മാനുഷിക വെടിനിർത്തലിനുള്ള യു.എന്നിന്‍റെയും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, റെഡ് ക്രോസ് തുടങ്ങിയ സംഘടനകളുടെയും വിവിധ രാജ്യങ്ങളുടെയും അഭ്യർഥന പോലും അവർ പരിഗണിക്കുന്നില്ല. 10,000ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എൻ പറയുന്നു. ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നത് നമ്മൾ കാണുന്നു. യുദ്ധക്കുറ്റമായി ഇതിനെ അന്വേഷിക്കണമെന്ന് ആംനെസ്റ്റി ഇന്‍റർനാഷണൽ പറഞ്ഞിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ ഇസ്രായേലി കുടിയേറ്റക്കാർ ചവിട്ടിപ്പുറത്താക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു.
ഈ ഭരണകൂടത്തെ ഇതിനെല്ലാം ഉത്തരവാദികളായി കാണാൻ ദക്ഷിണേഷ്യൻ സമൂഹത്തോട് ഞാൻ ആഹ്വാനം ചെയ്യുന്നു. ഒരു സിഖ് വനിത എന്ന നിലയിൽ, ഈ ഭരണകൂടത്തെ വെള്ളപൂശാനുള്ള നടപടിക്ക് ഞാൻ കൂട്ടുനിൽക്കില്ല. കുടുങ്ങിക്കിടക്കുന്ന ഒരു ജനതയെ, പകുതിയോളം കുട്ടികളടങ്ങിയ ഒരു ജനതയെ, കൂട്ടക്കൊല ചെയ്യാൻ പിന്തുണക്കുന്ന ഏതൊരു സ്ഥാപനത്തിന്‍റെയും ക്ഷണം ഞാൻ സ്വീകരിക്കില്ല. ഒരു സമൂഹമെന്ന നിലയിൽ നമുക്ക് മൗനം തുടരാനാവില്ല. മേശക്ക് ചുറ്റുമുള്ള ഒരു ഇരിപ്പിടം ലഭിക്കുമെന്ന് കരുതി ഇതെല്ലാം അംഗീകരിക്കാനാവില്ല. ഗസ്സയിൽ നടക്കുന്നത് ഭയാനകമാണെന്ന് എന്‍റെ സമകാലികരിൽ പലരും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, അവരുടെ ഉപജീവനമാർഗം അപകടത്തിലാക്കാൻ അവർ തയാറല്ല. നമ്മൾ ധീരരായിരിക്കണം. അവർക്ക് ഫോട്ടോയെടുക്കാനുള്ള അവസരങ്ങളായി നമ്മൾ ചിതറിപ്പോകരുത്.
ഈ ഭരണകൂടം വെടിനിർത്തൽ നിഷേധിക്കുമ്പോൾ ഫലസ്തീൻ ജനതക്ക് നഷ്ടമാകുന്നതുമായി താരമത്യം ചെയ്യുമ്പോൾ, ഇതിനെതിരെ സംസാരിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഒന്നുമല്ല. ഒരു ഭരണകൂടത്തിന്‍റെ നടപടി ലോകത്തെവിടെയും മനുഷ്യനെ ഇല്ലാതാക്കുമ്പോൾ നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ് നീതിക്കായി ശബ്ദമുയർത്തുകയെന്നത്. ഭയപ്പെടരുത്. ലോകത്തോടൊപ്പം നിന്ന് വെടിനിർത്തലിനായി ആവശ്യപ്പെടുക. നിങ്ങൾ സംസാരിക്കുമ്പോൾ എന്‍റെയും ശബ്ദം നിങ്ങളോടൊപ്പം ഉയരും. നമുക്ക് നിവേദനങ്ങളിൽ ഒപ്പുവെക്കാം, പ്രതിഷേധങ്ങൾ സംഘടിപ്പിക്കാം. ബഹിഷ്കരിക്കാം. നമ്മുടെ ജനപ്രതിനിധികളോട് ഈ വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടാം. -രൂപി കൗർ.
ഇന്ത്യയിൽ ജനിച്ച രൂപി കൗർ നാലാം വയസ്സിലാണ് രക്ഷിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയത്. ചെറുപ്പത്തിലേ എഴുത്തിന്‍റെ ലോകത്തേക്ക് കടന്ന രൂപി, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത രചനകളിലൂടെ ശ്രദ്ധേയയായി. തുടർന്ന് ലോകമെമ്പാടും വായനക്കാരെ സൃഷ്ടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.