കിയവ്: റഷ്യ ആക്രമണം ശക്തമാക്കിയ യുക്രെയ്നിൽ ആറു മരണം. തലസ്ഥാനനഗരമായ കിയവ്, ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകിവ്, നിപ്രോപെട്രോവ്സ്ക് മേഖലയിലെ പാവ്ലോഹ്റാഡ് എന്നിവിടങ്ങളിലടക്കം നിരവധി കേന്ദ്രങ്ങളിലാണ് ഒരേ ദിവസം ആക്രമണമുണ്ടായത്.
ഖാർകിവിൽ സിവിലിയൻ താമസകേന്ദ്രത്തിൽ മിസൈൽ പതിച്ച് അഞ്ചു പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 30 അപ്പാർട്മെന്റുകളാണ് ഇവിടെ തകർന്നത്. ഖാർകിവിൽ ഒരു പ്രകൃതിവാതക പൈപ്പ് ലൈനും തകർന്നിട്ടുണ്ട്. വൈദ്യുതിലൈനുകൾ വിച്ഛേദിക്കപ്പെട്ടത് മേഖലയിൽ ആയിരക്കണക്കിനു പേരെ ഇരുട്ടിലാക്കി.
അതേസമയം, ആയുധനിർമാണശാലയാണ് തങ്ങൾ ആക്രമിച്ചതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. തലസ്ഥാനനഗരത്തിൽ നീണ്ട ഇടവേളക്കുശേഷമുണ്ടായ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാവ്ലോഹ്റാഡിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യയിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ തൊടുത്ത 56 ഡ്രോണുകളും ഒരു ഹിംറാസ് റോക്കറ്റ് വിക്ഷേപണ സംവിധാനവും തകർത്തതായി റഷ്യ അവകാശപ്പെട്ടു.
റഷ്യൻ അനുകൂല വിമതർ ഭരിക്കുന്ന ലുഹാൻസ്ക് പ്രവിശ്യയിൽ സ്കൂളുകളും കിൻഡർഗാർട്ടനുകളും മിസൈൽ ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. അതിനിടെ, യുക്രെയ്ന് 120 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാനുള്ള കരാറിൽ നാറ്റോ ഒപ്പുവെച്ചു. വെടിക്കോപ്പുകൾ, ഷെല്ലുകൾ എന്നിവയടക്കമാണ് ഇതുപ്രകാരം യുക്രെയ്ന് എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.