ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യം; ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ

മോസ്കോ: ലോകത്തിലെ ഏറ്റവും വലിയ ആണവ രാജ്യങ്ങളിലൊന്നാണ് റഷ്യ. യു.എസും റഷ്യയും ചേർന്നാണ് ലോകത്തിലെ 88 ശതമാനം ആണവായുധ ശേഖരങ്ങൾ കൈയാളുന്നത്.

പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആണവ മിസൈലുകൾ പരീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ റഷ്യ. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണം നടന്നതായി റിപ്പോർട്ടുണ്ട്. ഭീഷണികളും ശത്രുക്കളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ എന്തിനും തയാറായി നിൽക്കേണ്ടത് അനിവാര്യമാണെന്നും അതിനാലാണ് ഇത്തരമൊരു പരീക്ഷണമെന്നും പുടിൻ വ്യക്തമാക്കി.

റഷ്യ-യു​ക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുകയാണെന്ന വിവരം റഷ്യക്ക് ലഭിച്ചിരുന്നു. യു.എസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയക്കുമെന്നായിരുന്നു വിവരം ലഭിച്ചത്. അതോടെയാണ് കര, കടൽ, ആകാശ മാർഗങ്ങളിലൂടെ ആണവ മിസൈലുകൾ പരീക്ഷിക്കാൻ റഷ്യ തയാറായത്. ശത്രുക്കളുടെ എന്തു തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കുമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിയിരുന്നു. ചുരുങ്ങിയത് 10,000 സൈനികരെയാണ് ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചത് എന്നാണ് പെന്റഗൺ സൂചിപ്പിച്ചത്. റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികരുടെ എണ്ണം 12000 കവിയുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്കിയും അവകാശപ്പെടുകയുണ്ടായി.

ട്രെയിനിലാണ് സൈനികർ കിഴക്കൻ റഷ്യയിലെത്തിയതെന്നും പെന്റഗൺ ഡെപ്യുട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതിലൊരു ഭാഗം സൈനികർ യുക്രെയ്ന് സമീപം എത്തിക്കഴിഞ്ഞു. ഈ സൈനികരുടെ സഹായത്തോടെ റഷ്യ യുക്രെയ്നിൽ ആക്രമണം രൂക്ഷമാക്കുമെന്ന ആശങ്കയും പെന്റഗൺ പങ്കുവെച്ചു. ഉത്തരകൊറിയയും യുദ്ധത്തിൽ പങ്കാളികളാവുകയാണെങ്കിൽ യുക്രെയ്നിൽ ഇടപെടാൻ യു.എസ് പരിധി വെക്കില്ലെന്നും പെന്റഗൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Russia begins nuclear drill, west plans response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.