കിയവ്: യുക്രെയ്നിലെ ആക്രമണം 15ദിവസം പിന്നിടുമ്പോൾ കാര്യമായ മുന്നേറ്റമില്ലാതെ റഷ്യൻ സൈന്യം. യുക്രെയ്നിലെ ചെറുനഗരങ്ങളിൽ ഷെല്ലാക്രമണം തുടരുമ്പോഴും തലസ്ഥാനനഗരിയായ കിയവ് ഉൾപ്പെടെ പ്രധാന നഗരങ്ങൾ നിയന്ത്രണത്തിലാക്കാൻ റഷ്യക്ക് സാധിച്ചിട്ടില്ല. അതിനിടെ മരിയുപോളിൽ കുട്ടികളുടെ ആശുപത്രിക്കുനേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ആക്രമണത്തിൽ കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആശുപത്രിക്കുനേരായ റഷ്യയുടെ ആക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അപലപിച്ചു. എന്നാൽ, ആശുപത്രി യുക്രെയ്ൻ സൈന്യത്തിന്റെ താവളമായി ഉപയോഗിച്ചുവരുകയായിരുന്നുവെന്നും ഇവർക്ക് പാശ്ചാത്യ രാജ്യങ്ങളാണ് ആയുധം നൽകുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു. യുക്രെയ്ൻ സൈന്യം മനുഷ്യകവചങ്ങൾ ഉപയോഗിക്കുന്നതായും ലാവ്റോവ് കുറ്റപ്പെടുത്തി.
യുക്രെയ്നിൽ റഷ്യ യുദ്ധക്കുറ്റം തുടരുകയാണെന്നും അന്താരാഷ്ട്രതലത്തിൽ അന്വേഷണം വേണമെന്നും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ വ്യാപകതോതിൽ നാശനഷ്ടമുണ്ടായതായി യുക്രെയ്ൻ അറിയിച്ചു. റഷ്യൻ സേന വളഞ്ഞ മരിയുപോളിൽ 1207 പേർ മരിച്ചതായി മേയർ അറിയിച്ചു. മൃതദേഹങ്ങൾ കൂട്ട കുഴിമാടങ്ങളിൽ സംസ്കരിക്കുകയാണ്. 25 അടി നീളത്തിലുണ്ടാക്കിയ ഒരു കുഴിമാടത്തിൽ 70 പേരെയാണ് മറവ് ചെയ്തത്. മരിയുപോളിലെ സ്ഥിതി ഹൃദയഭേദകമെന്ന് റെഡ്ക്രോസും റിപ്പോർട്ട് ചെയ്തു.
നഗരത്തിൽനിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിതപാതകളിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാനുഷിക ഇടനാഴിയും 24 മണിക്കൂർ വെടിനിർത്തലുമായിരുന്നു ലാവ്റോവുമായുള്ള ചർച്ചയിൽ യുക്രെയ്ന്റെ പ്രധാന ആവശ്യം. ഇതു പാലിക്കപ്പെട്ടില്ല. ഒഴിപ്പിക്കലിനായി ഏഴു മാനുഷിക ഇടനാഴികൾ ഒരുക്കുമെന്നും യുക്രെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്. 12 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിലായതോടെ യുക്രെയ്ൻ നഗരങ്ങളിൽ നിന്ന് 35,000 ആളുകളെ ഒഴിപ്പിച്ചിരുന്നു മരിയുപോൾ, വൊനോവാഖ, ഇസിയും നഗരങ്ങളിൽ കൂടുതൽ മാനുഷിക ഇടനാഴികൾ തുറക്കുന്നതോടെ ഒഴിപ്പിക്കൽ തുടരാൻ കഴിയുമെന്നാണ് യുക്രെയ്ന്റെ പ്രതീക്ഷ.
അതിനിടെ, യുക്രെയ്നിലെ ആക്രമണം യുദ്ധമാണെന്ന് ആദ്യമായി സമ്മതിച്ച് ചൈനീസ് വിദേശകാര്യമന്ത്രി. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ് യി അറിയിച്ചു. യുക്രെയ്ന് 1400 കോടി ഡോളറിന്റെ സഹായപദ്ധതി യു.എസ് പാസാക്കി. അന്താരാഷ്ട്ര നാണ്യനിധി 140 കോടി ഡോളറിന്റെ അടിയന്തര ധനസഹായം അനുവദിക്കാനും ധാരണയായി. യുദ്ധപശ്ചാത്തലത്തിൽ എണ്ണവില താഴ്ന്നെങ്കിലും ആഗോള ഓഹരി വിപണികൾ നേട്ടത്തിലായിരുന്നു.
യുദ്ധം 15 നാൾ പിന്നിടുന്നതോടെ 22 ലക്ഷം ആളുകളാണ് യുക്രെയ്നിൽ നിന്ന് പലായനം ചെയ്തത്. ഇതിൽ കൂടുതലുമെത്തിയത് പോളണ്ടിലാണ്. 10 ലക്ഷത്തിലേറെ അഭയാർഥികൾ പോളണ്ടിലെത്തിയതായാണ് കണക്ക്. ഇതിൽ കൂടുതലും കുട്ടികളാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണിതെന്ന് യു.എൻ പറഞ്ഞു.
കൂട്ടപ്പലായനം ആരോഗ്യ ദുരന്തത്തിന് വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകി. യുക്രെയ്നിൽ കൊല്ലപ്പെടുന്നവരുടെ കണക്കിനേക്കാൾ കൂടുതലാണ് ഇവിടെ നിന്നു പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം. മാർച്ച് ഏഴിന് മാത്രം 17ലക്ഷത്തിലധികം പൗരന്മാർ യുക്രെയ്നിൽനിന്നു അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.