മോസ്കോ: പ്രസിഡന്റ് വ്ലാദിമിർ പുടിൻ മരിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ട് തള്ളി റഷ്യ. പുടിന് ഔദ്യോഗിക വസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോർട്ട് ചെയ്ത ടെലഗ്രാം ചാനൽ ആയ ജനറൽ എസ്.വി.ആർ തന്നെയാണ് മരണവാർത്തയും പുറത്തുവിട്ടത്. 71 വയസുള്ള റഷ്യൻ പ്രസിഡന്റ് അന്തരിച്ചു; റഷ്യക്കെതിരെ വൻ അട്ടിമറി നീക്കം എന്ന തലക്കെട്ടിലാണ് ടെലഗ്രാം ചാനൽ വാർത്ത നൽകിയത്. ''ശ്രദ്ധിക്കുക. റഷ്യയിൽ അട്ടിമറി ശ്രമം നടക്കുന്നു. പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് വൈകീട്ട് ഔദ്യോഗിക വസതിയിൽ വെച്ച് അന്തരിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.''-എന്നായിരുന്നു വാർത്ത.
പുടിന്റെ മൃതദേഹം കിടത്തിയ മുറി ഡോക്ടർമാർ പൂട്ടിയിരിക്കുകയാണ്. പുടിനുമായി അടുത്ത വൃത്തങ്ങൾക്ക് മാത്രമേ ആ മുറിയിലേക്ക് പ്രവേശനമുള്ളൂ.-എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ ഈ റിപ്പോർട്ട് പൂർണമായി നിഷേധിച്ചിരിക്കുകയാണ് റഷ്യൻ പാർലമെന്റ് വക്താവ് ദിമിത്രി പെസ്കോവ്. പുടിനെ സംബന്ധിച്ച് തീർത്തും അസംബന്ധ കാര്യങ്ങളാണെന്ന് പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശം മുതൽ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന പുടിന് സ്വന്തം നിലക്ക് നടക്കാൻ പോലും സാധിക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ടായി. ഇതെല്ലാം റഷ്യ തള്ളുകയായിരുന്നു. 71 വയസുള്ള പ്രസിഡന്റ് പൂർണ ആരോഗ്യവാനാണെന്നാണ് റഷ്യൻ സർക്കാർ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.