മോസ്കോ: കരിങ്കടലിൽ പ്രാദേശിക അതിർത്തി ലംഘിച്ച ബ്രിട്ടിഷ് യുദ്ധക്കപ്പലിനു നേരെ വെടിയുതിർത്തെന്ന് റഷ്യ. മുന്നറിയിപ്പിന്‍റെ ഭാഗമായാണ് 'എച്ച്എംഎസ് ഡിഫൻഡർ' എന്നു പേരുള്ള കപ്പലിനു നേരെ നിറയൊഴിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഈ വാദം റഷ്യൻ പ്രതിരോധ മന്ത്രാലയം തള്ളി.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് യുക്രെയിൻ സമുദ്രമേഖലയിലൂടെ കടന്നുപോവുകയായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ കപ്പൽ എന്നും നിയമലംഘനം നടന്നിട്ടില്ലെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നുമാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം.
അതേസമയം, 2014ൽ യുക്രെയിനിൽനിന്നു റഷ്യയുടെ ഭാഗമായ ക്രൈമിയയിലെ കേപ് ഫിയോലന്‍റ് മുനമ്പിനു സമീപമാണു വെടിവെപ്പ് നടന്നതെന്നും റഷ്യ അവകാശപ്പെടുന്നു. 'എച്ച്എംഎസ് ഡിഫൻഡർ' എന്ന കപ്പൽ റഷ്യൻ അതിർത്തി ലംഘിച്ചു. അതിനുനേരെ മുന്നറിയിപ്പിന്‍റെ ഭാഗമായി നിറയൊഴിച്ചു. മുന്നറിയിപ്പിനോട് കപ്പലിൽ ഉള്ളവർ പ്രതികരിച്ചില്ല.'– റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കപ്പലിന്‍റെ പാതയിൽ വിമാനത്തിൽനിന്നു നാല് ബോംബുകളിട്ടെന്നും അതിർത്തി പട്രോളിങ് നടത്തുന്ന കപ്പലിൽനിന്നു വെടിയുതിർത്തെന്നുമാണ് റഷ്യ പറയുന്നത്. എസ്.യു 24 -എം വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനത്തിൽ നിന്നുമാണ് നാല് ബോംബുകൾ മുന്നറിയിപ്പിന്‍റെ സൂചനയായി വർഷിച്ചത്. ഇതിനു പിന്നാലെ കപ്പൽ റഷ്യൻ അതിർത്തി വിട്ടെന്നും റഷ്യ പറയുന്നു. സംഭവത്തിനു ശേഷം റഷ്യൻ പ്രതിരോധ മന്ത്രാലയം ബ്രിട്ടൻ മിലിറ്ററി അറ്റാഷെയെ വിളിച്ചുവരുത്തിയതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'എച്ച്എംഎസ് ഡിഫൻഡർ' യുക്രെയിനിലെ ഒഡേസയിൽ നിന്ന് ജോർജിയയിലേക്കുള്ള യാത്രയിലായിരുന്നെന്നും നിയമലംഘനങ്ങളില്ലാത്തതിനാൽ അതിൽ അസ്വഭാവികതകളില്ലെന്നും ബ്രിട്ടന്‍റെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി. മെഡിറ്ററേനിയൻ കടലിലെ നാറ്റോ ദൗത്യങ്ങളിൽനിന്നു പിന്മാറി 'എച്ച്എംഎസ് ഡിഫൻഡർ' കരിങ്കടലില്‍ 'സ്വന്തം ദൗത്യം' നടത്തുകയാണെന്നു ബ്രിട്ടീഷ് നാവിക സേന ഈമാസമാദ്യം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.