കിയവ്: കഴിഞ്ഞ വർഷം യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കിയവിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. കിയവായിരുന്നു ആക്രമണത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് യുക്രെയ്ൻ വ്യോമസേനാ കമാൻഡർ മൈക്കോള ഒലേഷ്ചുക് പറഞ്ഞു. ആകെ 75 ഇറാൻ നിർമിത ഷഹീദ് ഡ്രോണുകളാണ് യുക്രെയ്നുനേരെ തൊടുത്തുവിട്ടത്. ഇതിൽ 71 എണ്ണം വ്യോമപ്രതിരോധ സംവിധാനം തകർത്തതായും സൈന്യം അറിയിച്ചു.
പ്രാദേശിക സമയം പുലർച്ച നാലുമണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ആറുമണിക്കൂർ നീണ്ട ആക്രമണത്തെത്തുടർന്ന് 77 പാർപ്പിട സമുച്ചയങ്ങളിലും 120 സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. ചുരുങ്ങിയത് അഞ്ച് സിവിലിയന്മാർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. കിന്റർ ഗാർട്ടൻ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിടുകയും ചെയ്തു. സുമി, ദിനി പ്രോപെട്രോവ്സ്ക്, സപോരിഷിയ, കിരോവോഹ്രാദ് മേഖലകളിലും ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.