വാഴ്സോ: ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിക്കുക മാത്രമല്ല, യുക്രെയ്നിന് സൈനിക സഹായം ഒഴുക്കുന്നതിലും മുന്നിൽ നിൽക്കുന്ന അയൽരാജ്യമായ പോളണ്ടിനു മേൽ റഷ്യ കണ്ണുവെക്കുന്നതായി സംശയം. കഴിഞ്ഞ ദിവസം പോളണ്ട് അതിർത്തിയിൽനിന്ന് 16 കിലോമീറ്റർ മാത്രം ദൂരമുള്ള യാവോറിവ് താവളത്തിൽ റഷ്യ ബോംബാക്രമണം നടത്തിയിരുന്നു. ഏതു നിമിഷവും ഇതു കൂടുതൽ അടുത്തേക്ക് വരാം എന്ന ആധിയിലാണ് പോളണ്ട്.
യുക്രെയ്നിൽനിന്ന് 18 ലക്ഷം പേർ അഭയം തേടിയ പോളണ്ടിൽ തലസ്ഥാന നഗരമുൾപ്പെടെ ജനബാഹുല്യത്താൽ വീർപ്പുമുട്ടുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽപേർ എത്തുന്നത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും രാജ്യത്തുണ്ട്. അതിനിടെയാണ്, സെലൻസ്കിക്ക് നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ പേരിൽ ക്രെംലിൻ പോളണ്ടിനെ ലക്ഷ്യമിടുന്നത്. യുക്രെയ്നിലെ സൈനികർക്ക് യൂറോപ്പിന്റെ സഹായം വേണമെന്നും അയൽരാജ്യങ്ങളുടെ സുരക്ഷക്കു കൂടിയാണ് അവർ പോരാടുന്നതെന്നും കഴിഞ്ഞ ദിവസം പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവികി പറഞ്ഞിരുന്നു.
നാറ്റോയുടെ ഭാഗമായ രാജ്യമാണ് പോളണ്ട്. അതിനാൽ യുക്രെയ്നിനെ ലക്ഷ്യമിട്ടുള്ള സൈനിക സഹായം ഏറെയും പോളണ്ട് വഴിയാണ് ഒഴുകുന്നത്. സൈനിക സഹായം നിരന്തരം കിയവിലും പരിസരങ്ങളിലും എത്തുന്നത് റഷ്യൻ നീക്കങ്ങളെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ പോളണ്ടിനെ ആക്രമിച്ചാൽ നാറ്റോ നേരിട്ട് വിഷയത്തിൽ ഇടപെടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.