കിയവ്: റഷ്യയുടെ കനത്ത ആക്രമണം നേരിടുന്ന മരിയുപോൾ പട്ടണത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ രണ്ടാമത് പ്രഖ്യാപിച്ച വെടിനിർത്തലും പാളി.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ മുതൽ രാത്രി ഒമ്പതുവരെ വെടിനിർത്താനാണ് റഷ്യ സമ്മതിച്ചത്. എന്നാൽ, വെടിനിർത്തൽ സമയം ആരംഭിച്ചിട്ടും ഷെല്ലിങ് നിർത്താൻ റഷ്യ തയാറായില്ലെന്ന് യുക്രെയ്ൻ അധികൃതർ ആരോപിച്ചു. എന്നാൽ, യുക്രെയ്ൻ നാഷനൽ ഗാർഡാണ് ധാരണ തെറ്റിച്ചതെന്ന് റഷ്യയും വ്യക്തമാക്കി. ആകെ 300 പേരെ മാത്രമേ ഇതിനിടെ മരിയുപോളിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞുള്ളൂവെന്നാണ് സൂചന. രണ്ടുലക്ഷം പേരെ ഒഴിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
തലസ്ഥാനമായ കിയവിനും പ്രധാന നഗരങ്ങളായ ഖാർകിവ്, മൈകോലേവ് തുടങ്ങിയിടങ്ങളിൽ റഷ്യൻ ആക്രമണം തുടരുകയാണ്.
കിയവിനും സൈറ്റോമിറിനും നേർക്ക് വ്യോമാക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ബെലറൂസിലെ വിമാനത്താവളങ്ങളിൽ നിന്ന് പറന്നുയർന്ന റഷ്യൻ വിമാനങ്ങളാണ് ഈ നഗരങ്ങളിലെ മിലിട്ടറി, സിവിലിയൻ കെട്ടിടങ്ങൾക്ക് മേൽ ബോംബ് വർഷിച്ചത്. കിയവിന് വടക്കുള്ള ചെർണിവിൽ മാരക പ്രഹരശേഷിയുള്ള ബോംബുകൾ വർഷിച്ചതായി പ്രാദേശിക ഭരണകൂടം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.