യുക്രെയ്ന് ആയുധം നൽകിയാൽ 'തിരിച്ചടി പ്രവചനാതീതം'; യു.എസിനും സഖ്യരാജ്യങ്ങൾക്കും മുന്നറിയിപ്പുമായി റഷ്യ

മോസ്കോ: യുക്രെയ്ന് കൂടുതൽ ആ‍യുധങ്ങൾ നൽകാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ. ആയുധം നൽകിയാൽ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് മോസ്കോയിൽനിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പിൽ പറയുന്നു. അമേരിക്കയിലെ ചാനലുകൾ ഇതിന്‍റെ പകർപ്പ് പുറത്തുവിട്ടു.

അമേരിക്കയുടെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്നിലെ സംഘർഷത്തിന് ഇന്ധനം പകരുന്നതാണെന്നും ഇത് പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും രണ്ടു പേജുള്ള നയതന്ത്ര കുറിപ്പിൽ പറയുന്നു. വാഷിങ്ടണ്ണിലെ റഷ്യൻ എംബസി വഴിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പോർട്മെന്‍റിന് കുറിപ്പ് അയച്ചുകൊടുത്തത്.

ചൊവ്വാഴ്ച അമേരിക്ക യുക്രെയ്ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ റഷ്യൻ സൈനിക ശക്തിയുമായി കിടപിടിക്കാവുന്ന തരത്തിലുള്ള, ദീർഘദൂര മിസൈൽ ഉൾപ്പെടെ 800 മില്യൺ കോടിയുടെ സൈനിക സഹായമാണ് യു.എസ് കൈമാറുന്നത്. യു.എസും നാറ്റോ രാജ്യങ്ങളും യുക്രെയ്ന് നൽകുന്ന സൈനിക സഹായം ഫലംകാണുന്നുവെന്നതിനുള്ള തെളിവാണ് റഷ്യയുടെ മുന്നറിയിപ്പെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ആയുധങ്ങളുമായുള്ള ആദ്യ കപ്പൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്നിലെ കിഴക്കൻ മേഖലയിലാണ് റഷ്യൻ സൈന്യം ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. യുദ്ധം തുടങ്ങിയതു മുതൽ യു.എസ് മൂന്നു ബില്യൺ ഡോളറിന്‍റെ സൈനിക സഹായമാണ് യുക്രെയ്ന് നൽകിയത്.

Tags:    
News Summary - Russia warns West of 'unpredictable consequences'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.