കിയവ്: കിഴക്കൻ മേഖലയിലെ ഡോൺബാസ് പിടിച്ചെടുക്കാനുള്ള റഷ്യൻ സൈനികരുടെ നീക്കത്തെ ശകതമായി പ്രതിരോധിച്ച് യുക്രെയ്ൻ സൈന്യം. യുക്രെയ്നിലെ വ്യാവസായിക ഹൃദയനഗരമെന്നാണ് ഡോൺബാസ് അറിയപ്പെടുന്നത്. യുക്രെയ്ൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നത് മൂലം റഷ്യയുടെ ആക്രമണത്തിന്റെ വേഗം കുറച്ചതായാണ് ബ്രിട്ടീഷ് ഇന്റലിജൻസ് വിലയിരുത്തൽ. ഡൊണേട്സ്ക്, ലുഹാൻസ്ക് മേഖലകൾ പിടിച്ചെടുക്കാൻ കനത്ത പോരാട്ടം തുടരുകയാണ്. രണ്ടു മേഖലകളിൽ 24 മണിക്കൂറിനിടെ എട്ടു റഷ്യൻ ആക്രമണങ്ങളാണ് യുക്രെയ്ൻ സൈന്യം പ്രതിരോധിച്ചത്. ഒമ്പതു ടാങ്കുകളും 13 സൈനിക യൂനിറ്റും വാഹനങ്ങളും ഒരു ടാങ്കറും തകർക്കുകയും ചെയ്തു. റഷ്യൻ സൈന്യം ആറ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഒഡേസയിൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിരവധി മിസൈലുകൾ വെടിവെച്ചിട്ടുവെങ്കിലും ഒന്ന് ഭൂമിയിൽ പതിച്ച് പൊട്ടിത്തെറിച്ചു. ജനവാസ-സൈനിക കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം തുടരുകയാണ്. പൊപാൻസ നഗരത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഡൊണേട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ നിന്ന് തദ്ദേശവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ശ്രമം തുടരുകയാണ്.
അതിനിടെ, മരിയുപോളിലെ ഉരുക്കു പ്ലാന്റ് ആക്രമണം നടത്താനും റഷ്യൻ സൈന്യം തയാറെടുക്കുകയാണ്. ഉരുക്ക് പ്ലാന്റ് ഒഴികെയുള്ള മരിയുപോളിന്റെ ഭാഗങ്ങൾ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടിരുന്നു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ-യുക്രെയ്ൻ പ്രസിഡന്റുമാരായ വ്ലാദിമിർ പുടിനും വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഈ മാസം 26ന് ഗുട്ടെറസ് മോസ്കോ സന്ദർശിച്ച് പുടിനുമായും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തും.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് യുദ്ധമവസാനിപ്പിക്കാൻ ഗുട്ടെറസിന്റെ നയതന്ത്രം. അതിനു പിന്നാലെ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗുട്ടെറസ് ട്വീറ്റ് ചെയ്തു. കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച് ഇരുപ്രസിഡന്റുമാർക്കും ഗുട്ടെറസ് കത്തയച്ചിട്ടുണ്ട്.
ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്. ഇതുവരെ 50 ലക്ഷത്തിലേറെ ആളുകൾ പലായനം ചെയ്തു. ആയിരങ്ങൾ കൊല്ലപ്പെട്ടു. ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
തന്ത്രപ്രധാന യുക്രെയ്ൻ നഗരമായ മരിയുപോളിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 1000ത്തോളം തദ്ദേശവാസികളുടെ മൃതദേഹം അടക്കിയ കുഴിമാടമാണ് കണ്ടെത്തിയതെന്ന് സിറ്റി കൗൺസിൽ വ്യക്തമാക്കി. കിഴക്കൻ മരിയുപോളിലാണ് കുഴിമാടം. തദ്ദേശവാസികളെ റഷ്യൻ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയെന്നതിന്റെ തെളിവാണ് കൂട്ടക്കുഴിമാടങ്ങൾ. കഴിഞ്ഞ ദിവസവും കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.