കിയവ്: കിഴക്കൻ യുക്രെയ്ൻ നഗരമായ ക്രാമാറ്റോർസ്കിൽ തിരക്കേറിയ പിസ റസ്റ്റാറന്റിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തകർന്ന കെട്ടിടത്തിൽ കുടുങ്ങിയവരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മറ്റൊരു നഗരമായ ഖാർഖിവിലുണ്ടായ റഷ്യൻ ഷെൽ ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.
ക്രാമാറ്റോർസ്കിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 14 വയസ്സുള്ള ഇരട്ട സഹോദരിമാരും ഉൾപ്പെടുന്നു. ‘രണ്ട് മാലാഖമാരുടെ ഹൃദയത്തുടിപ്പുകൾ റഷ്യൻ മിസൈൽ നിശ്ചലമാക്കി’യെന്ന് ക്രാമാറ്റോർസ്ക് സിറ്റി കൗൺസിൽ വിദ്യാഭ്യാസ വകുപ്പ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. എസ്-300 മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.
18 ബഹുനില മന്ദിരങ്ങൾ, 65 വീടുകൾ, അഞ്ച് സ്കൂളുകൾ, രണ്ട് കിന്റർഗാർട്ടനുകൾ, ഒരു ഷോപ്പിങ് സെന്റർ, സർക്കാർ കെട്ടിടം, ക്ലബ് എന്നിവയും ആക്രമണത്തിൽ തകർന്നതായി പ്രാദേശിക ഗവർണർ പാവ്ലോ കിരിലെങ്കോ പറഞ്ഞു. ഭൂതലത്തിൽനിന്ന് ആകാശത്തേക്ക് തൊടുക്കുന്ന എസ്-300 മിസൈലുകൾക്ക് ഭൂമിയിലെ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി ആക്രമിക്കാനാകില്ല. എന്നാൽ, വിവേചനരഹിതമായി യുക്രെയ്ൻ നഗരങ്ങളിൽ ആക്രമണം നടത്താൻ റഷ്യ ഈ മിസൈലുകൾ ഉപയോഗിക്കുകയാണ്.
യുക്രെയ്ൻ സൈന്യത്തിന്റെ പ്രാദേശിക ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരമാണ് ക്രാമാറ്റോർസ്ക്. റഷ്യൻ അധിനിവേശ പ്രദേശങ്ങളോട് ചേർന്ന് യുക്രെയ്ൻ നിയന്ത്രണത്തിലാണ് ഈ സ്ഥലമുള്ളത്. മാധ്യമപ്രവർത്തകരും സന്നദ്ധപ്രവർത്തകരും സൈനികരും പ്രദേശവാസികളും സ്ഥിരമായി എത്തുന്ന സ്ഥലമാണ് ആക്രമണം നടന്ന പിസ റസ്റ്റാറന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.