കിയവ്: വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തിയതിനാൽ റഷ്യയിൽ നൂറുകണക്കിന് നഗരങ്ങളും ഗ്രാമങ്ങളും ഇരുട്ടിൽ. കിയവ്, നിപ്രോപെട്രോവ്സ്ക്, സുമി മേഖലയിലാണ് ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ രൂക്ഷമായ ആക്രമണമുണ്ടായതെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗൽ പറഞ്ഞു.
കരയുദ്ധത്തിൽ തിരിച്ചടി നേരിട്ട റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും റഷ്യ ലക്ഷ്യംവെക്കുന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു.
പുലർച്ച 6.35നും 6.45നും രണ്ടു സ്ഫോടനങ്ങൾ നടന്നതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കിയവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം വിജയം കണ്ടിട്ടില്ല. അതേസമയം, ഡൊണെറ്റ്സിലെ ഭരണകേന്ദ്രത്തിനു നേരെ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.
ലക്സംബർഗ്: 15000 യുക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകാനൊരുങ്ങി യൂറോപ്യൻ യൂനിയൻ. ആയുധങ്ങൾക്കായി 50 കോടി യൂറോയും അനുവദിച്ചേക്കും. 27 അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ലക്സംബർഗിൽ യോഗം ചേർന്ന് ഇതിന് അനുമതി നൽകി. യുക്രെയ്നിന്റെ അയൽ രാജ്യമായ പോളണ്ടിലാകും പരിശീലനം.
ഇ.യു ആദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തിന് പരിശീലനം നൽകുന്നത്. ജർമനിയും ഫ്രാൻസും ഉൾപ്പെടെ ചില അംഗ രാജ്യങ്ങൾ നേരത്തെ യുക്രെയ്ന് സൈനിക സഹായവും പരിശീലനവും നൽകുന്നുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും സൈനികരെ പരിശീലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.