ബ്രസൽസ്: യുക്രെയ്ൻ അധിനിവേശത്തിനോടുള്ള പ്രതികരണമെന്ന നിലക്ക് റഷ്യയിൽനിന്നുള്ള 90 ശതമാനത്തോളം എണ്ണ ഇറക്കുമതി നിരോധിക്കാൻ യൂറോപ്യൻ യൂനിയൻ തീരുമാനമായി.
ഫെബ്രുവരി 24ന് യുക്രെയ്ൻ അധിനിവേശം തുടങ്ങിയതുമുതൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം വിവിധ യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുണ്ട്. എന്നാൽ, അത്തരമൊരു തീരുമാനം തിരിച്ചടിയായേക്കുമോ എന്ന ഭയവും മിക്ക രാജ്യങ്ങൾക്കുമുണ്ടായിരുന്നു. കാരണം, യൂറോപ്യൻ രാജ്യങ്ങളുടെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 25 ശതമാനവും പ്രകൃതി വാതകത്തിന്റെ 40 ശതമാനവും റഷ്യയിൽനിന്നാണ്.
എങ്കിലും കടുത്ത തീരുമാനവുമായി മുന്നോട്ടുപോകാൻ ഇ.യു തീരുമാനിക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ റഷ്യയിൽനിന്നുള്ള 90 ശതമാനം എണ്ണ ഇറക്കുമതിയും ഒഴിവാക്കുമെന്നാണ് ഇ.യു പറയുന്നത്. ഇതിനോട് റഷ്യ ലാഘവത്തോടെയാണ് പ്രതികരിച്ചത്. തങ്ങൾ മറ്റ് ആവശ്യക്കാരെ കണ്ടെത്തുമെന്ന് റഷ്യയുടെ യു.എൻ പ്രതിനിധി വ്യക്തമാക്കി.
അതിനിടെ, ഡച്ച് സംരംഭമായ 'ഗ്യാസ് ടെറ'ക്ക് പ്രകൃതി വാതകം നൽകില്ലെന്ന് റഷ്യൻ എണ്ണക്കമ്പനി 'ഗ്യാസ് പ്രോം' വ്യക്തമാക്കി. ഡെന്മാർക്കിനുള്ള വിതരണം തടയുന്നതും ആലോചനയിലാണെന്ന് കമ്പനി പറയുന്നു.
വാതകത്തിനുള്ള പണം റൂബിളിൽ നൽകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സാധ്യമല്ലെന്ന് 'ഗ്യാസ് പ്രോമി'നെ അറിയിച്ചിരുന്നതായി 'ഗ്യാസ് ടെറ' വ്യക്തമാക്കി.
പ്രതിസന്ധി മുന്നിൽ കണ്ട് നേരത്തേ വാതകം സംഭരിച്ചിട്ടുണ്ടെന്നും അതിനാൽ വിതരണത്തെ ബാധിക്കില്ലെന്നും 'ഗ്യാസ് ടെറ' അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.