കിയവ്: യുക്രെയ്ന്റെ തലസ്ഥാനമായ കിയവിലെ വൈദ്യുതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ കനത്ത ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചിലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച തുടങ്ങിയ ആക്രമണം രാവിലെ വരെ തുടർന്നു. റഷ്യയുടെ കുർസ്കിൽ മുന്നേറുന്ന യുക്രെയ്ൻ ആഴ്ചകൾക്കിടെ നേരിടുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണിത്.
കിഴക്ക്, വടക്ക്, തെക്ക്, മധ്യ മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണുകൾ പറത്തിയതിന് പിന്നാലെ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ വിക്ഷേപിച്ചെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. കിയവിൽ ആക്രമണത്തിന്റെ ഫലമായി വൈദ്യുതി, ജല വിതരണം താറുമാറായതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. വൈദ്യുതി വിതരണം നിലച്ചതോടെ മൊബൈൽ ഫോൺ ഉൾപ്പെടെ ഉപകരണങ്ങൾ ചാർജ് ചെയ്യാനും ജനങ്ങൾക്ക് വിശ്രമിക്കാനും പ്രത്യേക ഷെൽട്ടറുകൾ തുടങ്ങുമെന്ന് കിയവ് ഭരണകൂടം പ്രഖ്യാപിച്ചു. വൈദ്യുതി വിതരണം നിർത്തിവെച്ചതായും ഉടൻ പുനഃസ്ഥാപിക്കുമെന്നും യുക്രെയ്നിലെ സ്വകാര്യ ഊർജ കമ്പനിയായ ഡി.ടി.ഇ.കെ അറിയിച്ചു.
റഷ്യയുടെ 100 ലേറെ മിസൈലുകളും 100 ലേറെ ഡ്രോണുകളും യുക്രെയ്നിൽ പതിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. റഷ്യയുടെ ആക്രമണം തടയാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമുൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യമായ പോളണ്ടിന്റെ കിഴക്കൻ മേഖലയിലുള്ള പോളണ്ടിന്റെയും നാറ്റോയുടെയും വ്യോമ പ്രതിരോധ സേനകൾ ജാഗ്രത പുലർത്തുന്നുണ്ട്. അതേസമയം, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ മധ്യമേഖലയായ സരതോവിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ 30 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.