കിയവ്: യുക്രെയ്നിലെ അവ്ദിവ്ക നഗരം റഷ്യയുടെ പൂർണ നിയന്ത്രണത്തിൽ. ഇവിടെനിന്ന് സൈന്യത്തെ പിൻവലിച്ചതായി യുക്രെയ്നിന്റെ പുതിയ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കി ശനിയാഴ്ച അറിയിച്ചു. നഗരത്തിനു പുറത്ത് സുരക്ഷിതമായ ഇടത്തിൽ സേനയെ പുനർവിന്യസിച്ചതായും സൈനികരുടെ ജീവൻ രക്ഷിക്കാനാണ് പിന്മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ യുദ്ധത്തിൽ 2023 മേയിൽ ബഖ്മുത് നഗരം പിടിച്ചതിനുശേഷം റഷ്യയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. വെടിക്കോപ്പുകളുടെ ക്ഷാമമാണ് സൈനികപിന്മാറ്റത്തിന് കാരണമായി പറയുന്നത്. യുദ്ധത്തിനു മുമ്പ് 32000 ജനസംഖ്യയുണ്ടായിരുന്ന അവ്ദിവ്കയിൽ ഇപ്പോൾ ആയിരത്തിൽ താഴെ സാധാരണക്കാർ മാത്രമാണ് താമസിക്കുന്നത്.
റഷ്യൻ അധിനിവേശം രണ്ടു വർഷമാകുന്ന ഘട്ടത്തിലാണ് യുക്രെയ്ൻ ശക്തമായ തിരിച്ചടി നേരിടുന്നത്. പാശ്ചാത്യൻ സുഹൃദ് രാജ്യങ്ങൾ അടിയന്തരമായി ആയുധസഹായം നൽകിയില്ലെങ്കിൽ റഷ്യയെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ശനിയാഴ്ച മ്യൂണിക് സുരക്ഷ സമ്മേളനത്തിൽ പറഞ്ഞു.
യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പു കാരണം യു.എസിന്റെ സഹായ പാക്കേജ് മുടങ്ങിക്കിടക്കുകയാണ്. ഡോൺബാസ് വ്യവസായ മേഖല പിടിച്ചടക്കാൻ സഹായിക്കുന്നതാണ് അവ്ദിവ്കയിലെ വിജയം. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇത് നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.