സൗദി ഊർജ കാര്യ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും റഷ്യൻ ഉപ പ്രധാനമന്ത്രി അലക്‌സാണ്ടർ നോവാക്കും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

എണ്ണ ഉത്പാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം വർഷാന്ത്യം വരെ തുടരാൻ സൗദി-റഷ്യൻ ധാരണ

റിയാദ്: എണ്ണ ഉത്പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിൽ ഈ വർഷാവസാനം വരെ ഉറച്ചുനിൽക്കാൻ റിയാദിൽ നടന്ന ഉന്നതതല യോഗത്തിൽ സൗദി, റഷ്യൻ ധാരണ.വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട സംയുക്ത സൗദി-റഷ്യൻ സർക്കാർ തല സമിതിയുടെ സൗദി തലവൻ കൂടിയായ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കുമായി റിയാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.

നിലവിൽ സൗദി സന്ദർശിക്കുന്ന സംയുക്ത സമിതിയിലെ റഷ്യൻ പക്ഷത്തിന്റെ തലവൻ കൂടിയാണ് അലക്‌സാണ്ടർ നോവാക്ക്.എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനം ഉചിതവും യാഥാർഥ്യബോധത്തോടെയുള്ളതുമാണെന്ന് വിലയിരുത്തിയ ഇരു പക്ഷവും വർഷാവസാനം വരെ ഇതിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു

സംയുക്ത സമിതിയുടെ അടുത്ത യോഗത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും കമ്മിറ്റിയുടെ പ്രവർത്തന പരിധിയിൽ വരുന്ന ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളെ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.ആഗോള എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനനുയോജ്യമായ തീരുമാനമാണ് ഒപെക് + ന്റേതെന്ന് ഇരുവരും വിലയിരുത്തി.

2023 അവസാനം വരെ പ്രതിദിന ഉത്പാദനം രണ്ട് ദശലക്ഷം ബാരലായി വെട്ടി കുറയ്ക്കാനാണ് കഴിഞ്ഞ ഒക്ടോബറിൽ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചത്.ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളിൽ സൗദി-റഷ്യൻ സഹകരണം തുടരാനും ഇരുപക്ഷവും തീരുമാനിച്ചു.

Tags:    
News Summary - Saudi-Russian deal to extend oil production cuts until year-end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.