ലണ്ടൻ: സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നുണ്ടായ കുടിയേറ്റവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ, ഇതുസംബന്ധിച്ച അവബോധം വളർത്താൻ ബ്രിട്ടനിൽ സ്കൂൾ പാഠ്യപദ്ധതിയിൽ മാറ്റംവരുത്തുന്നു. തീവ്രവാദ ഉള്ളടക്കവും വ്യാജ വാർത്തകളും ഓൺലൈനിൽ എങ്ങനെ കണ്ടെത്താമെന്ന് കുട്ടികളെ പഠിപ്പിക്കുമെന്ന് യു.കെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.
വ്യാജവാർത്തകൾക്കെതിരെ കുട്ടികളെ ജാഗരൂകരാക്കാൻ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മാറ്റംകൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഓൺലൈനിൽ കാണുന്നതിനെ മനസ്സിലാക്കാൻ അറിവും വൈദഗ്ധ്യവും നൽകേണ്ടത് പ്രധാനമാണ്. അതുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവക്കെതിരെ കുട്ടികളെ അവബോധമുള്ളവരാക്കാൻ പാഠ്യപദ്ധതി വികസിപ്പിക്കുന്നതെന്ന് ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.
മെഴ്സിസൈഡിലെ സൗത്ത്പോർട്ടിൽ നടന്ന ടെയ്ലർ സ്വിഫ്റ്റിന്റെ ഡാൻസ് പാർട്ടിയിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ബ്രിട്ടനിലെത്തിയ അഭയാർഥിയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് രാജ്യത്ത് കലാപമുണ്ടായത്. തീവ്ര വലതുപക്ഷ പ്രക്ഷോഭം കലാപത്തിലേക്ക് വഴിമാറുകയായിരുന്നു. അക്രമസംഭവങ്ങളിൽ നൂറുകണക്കിനാളുകൾ അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.