കൈറോ: കനത്ത മഴയെ തുടർന്ന് ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും തേളുകൾ കൂട്ടമായെത്തി. ഈജിപ്തിലെ നൈൽ നദീതീരത്തെ നഗരമായ ആസ്വാനിലാണ് സംഭവം. 453 പേർക്ക് തേളിന്‍റെ കുത്തേറ്റതായും മൂന്നുപേർ മരിച്ചതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മഴയിൽ മാളങ്ങൾ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും കാരണം തേളുകൾ കൂട്ടമായി തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. പാമ്പുകളും ഒഴുകിയെത്തിയതായി നാട്ടുകാർ പറയുന്നു.
തേളുകൾ ഇതോടെ വീടുകൾക്കുള്ളിലേക്കും കടക്കുകയായിരുന്നു. നിരവധി പേർക്കാണ് തേളുകളുടെ കടിയേറ്റത്. മൂന്ന് മരണം റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ ഉൾപ്പെടെ താൽക്കാലികമായി റദ്ദാക്കി ഡോക്ടർമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാനും തേൾ കുത്തേറ്റാൽ ഉടൻ ചികിത്സ തേടാനും നിർദേശിച്ചിരിക്കുകയാണ്. ആശുപത്രികളിൽ ചികിത്സക്കായി കൂടുതൽ ആന്‍റി-വെനം മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്.
മാരക വിഷമുള്ള ഒട്ടനവധി തേളുകൾ ഈജിപ്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. ഈജിപ്തിൽ കാണുന്ന കറുത്ത വാലുള്ള തേളുകളുടെ കുത്തേറ്റാൽ ചികിത്സ ലഭിച്ചില്ലെങ്കിൽ ഒരു മണിക്കൂറിനകം ആൾ മരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.