സമ്പൂർണ കരയാക്രമണത്തിന് തയാറെടുത്ത് രണ്ടാഴ്ചയിലേറെയായി ഗസ്സ അതിർത്തിയിൽ തമ്പടിക്കുന്ന ഇസ്രായേൽ സൈന്യം വീണ്ടും പരിമിത ആക്രമണം നടത്തി ഉടൻ തിരിച്ചിറങ്ങി. ശക്തമായ ആക്രമണത്തിന് ഏതുസമയത്തും സജ്ജമാണെന്ന് പ്രധാനമന്ത്രി നെതന്യാഹുവും സൈനിക മേധാവി ലെഫ്. ജന. ഹെർസി ഹലേവിയും ആവർത്തിക്കുന്നുണ്ടെങ്കിലും മൂന്നുദിവസത്തിനിടെ ഉണ്ടായ രണ്ട് ഉദ്യമങ്ങളും ഹ്രസ്വമായിരുന്നു.
ടാങ്കുകളും കവചിത വാഹനങ്ങളും ബുൾഡോസറും ഉൾപ്പെടെ സന്നാഹങ്ങളുമായി ബുധനാഴ്ച രാത്രി അതിർത്തി വേലി കടന്ന സൈനികർ ഹമാസിന്റെ കേന്ദ്രങ്ങളിലും സംവിധാനങ്ങളിലും ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
കാര്യമായ ക്ഷതം ഏൽക്കാതെ തിരിച്ചിറങ്ങാൻ കഴിഞ്ഞതായും ഐ.ഡി.എഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്) സ്ഥിരീകരിച്ചു. ഏതാനും ഹമാസ് പ്രവർത്തകരെ വധിക്കുകയും സംവിധാനങ്ങൾ തകർക്കുകയും ചെയ്തുവെന്ന പൊതുവായ പ്രസ്താവന മാത്രമാണ് സൈന്യത്തിൽനിന്നുണ്ടായത്. വിപുലമായ കര ആക്രമണത്തിനുള്ള പാത ഒരുക്കുകയായിരുന്നു ലക്ഷ്യമെന്നും സൈനികവൃത്തങ്ങൾ കൂട്ടിച്ചേർത്തു. അവ്യക്തമായ ഇത്തരം വിവരങ്ങൾക്കപ്പുറം ഓപറേഷന്റെ കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
മൂന്നുദിവസത്തിനിടെ രണ്ടാം വട്ടമാണ് ഗസ്സയിലേക്ക് ഇസ്രായേലിന്റെ നിയന്ത്രിത ഓപറേഷൻ ഉണ്ടാകുന്നത്. ഞായറാഴ്ച രാത്രി ഉണ്ടായ ആദ്യ ഓപറേഷനിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആന്റിടാങ്ക് മിസൈൽ പ്രയോഗത്തിലാണ് സൈനികൻ മരിച്ചതെന്ന് മാത്രം അറിയിച്ച ഐ.ഡി.എഫ് നടപടിയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടില്ല. ഐ.ഡി.എഫ് ഉദ്യമം പരാജയപ്പെടുത്തിയെന്ന് അറിയിച്ച ഹമാസാകട്ടെ, അവരെ അതിർത്തിക്കപ്പുറത്തേക്ക് തിരിച്ചയച്ചുവെന്നും അവകാശപ്പെട്ടിരുന്നു. ഇത്തവണ പക്ഷേ, ഹമാസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, കരയാക്രമണം നീട്ടിവെക്കാൻ ഇസ്രായേലിനോട് നിർദേശിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിഷേധിച്ചു. ‘‘അവരെ (ബന്ദികളെ) സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണമെന്നാണ് അദ്ദേഹത്തോട് (നെതന്യാഹു) സൂചിപ്പിച്ചത്. പക്ഷേ, അത് അവരുടെ തീരുമാനമാണ്. ഞാൻ ആവശ്യപ്പെട്ടിട്ടില്ല’’-ബൈഡൻ സൂചിപ്പിച്ചു. ബന്ദിപ്രശ്നത്തിൽ ഇടപെടുന്നുവെന്ന സൂചന നൽകി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളുടെ മോചനം സംബന്ധിച്ച് ഖത്തറിലെ ഹമാസ് പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി മിഖായേൽ ബോഗ്ദനോവ് അറിയിച്ചു. റഷ്യൻ പൗരത്വമുള്ള രണ്ടുപേരും ഹമാസിന്റെ പിടിയിലുണ്ട്. നിരീക്ഷകരിൽ കൗതുകമുണർത്തി ഹമാസിന്റെ പ്രത്യേക പ്രതിനിധിസംഘം വ്യാഴാഴ്ച മോസ്കോയിൽ എത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ നൽകാതെ റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവയാണ് ഇക്കാര്യം അറിയിച്ചത്.
മുതിർന്ന ഹമാസ് നേതാവ് അബു മർസൂഖും സംഘത്തിലുണ്ടെന്ന് റഷ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ ആർ.ഐ.എ സൂചിപ്പിച്ചു. ഇറാന്റെ വിദേശകാര്യ സഹമന്ത്രി അലി ബഗീരി ഖാനിയും മോസ്കോയിലുണ്ട്. ഇറാന്റെ ആണവകാര്യ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ബഗീരി ഖാനിയാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇസ്രായേൽ-യു.എസ് അച്ചുതണ്ടിന് എതിർഭാഗത്തുള്ള റഷ്യ നയതന്ത്ര പരാജയത്തിന് യു.എസിനെ പല തവണ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.